പ്രളയക്കെടുതിയിൽ ഏഴു ദിവസത്തിനിടെ ‘ഒഴുകിപ്പോയത്’ റയില്‍വേയുടെ 150 കോടി

ന്യൂഡൽഹി ∙ അസം, ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് ഏഴു ദിവസത്തിനിടെ നഷ്ടം 150 കോടി രൂപയെന്ന് കേന്ദ്ര റയിൽവേ മന്ത്രാലയം അറിയിച്ചു. റയിൽവേയുടെ വടക്കുകിഴക്കൻ മേഖലയിൽ യാത്രക്കാരുടെയും ചരക്കു നീക്കത്തിന്റെയും ഭാഗമായി ദിവസവും 12 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്നു റയിൽ ട്രാക്കുകളിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതാണ്ട് 10 കോടിയോളം രൂപയും ആവശ്യമാണ്. 

വടക്കുകിഴക്കൻ മേഖലയിൽ നിന്നും മാത്രം ഏതാണ്ട് 94 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റയിൽവേ മന്ത്രാലയ വക്താവ് അറിയിച്ചു. സമാനമായി കിഴക്കൻ സെൻട്രൽ റയിൽവേയ്ക്കുള്ള നഷ്ടം ദിവസവും 5.5 കോടിയാണ്. റയിൽ പാളങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതിന് അഞ്ചു കോടി രൂപയോളം ചിലവുണ്ട്. ശരിയായ നഷ്ടക്കണക്ക് അറിയണമെങ്കിൽ സാഹചര്യം പൂർവസ്ഥിതിയിലാകണം. അപ്രതീക്ഷിതമായ തിരിച്ചടി റയിൽവേയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും വക്താവ് അറിയിച്ചു.

പ്രളയം മൂലം ട്രെയിനുകൾ റദ്ദാക്കിയതാണ് നഷ്ടം വർധിപ്പിക്കാൻ കാരണം. വടക്കു കിഴക്കൻ മേഖലയിൽ മാത്രം 445 ട്രെയിനുകൾ റദ്ദാക്കി. 151 എണ്ണം ഭാഗീകമായി റദ്ദാക്കിയപ്പോൾ നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കിഴക്കൻ റയിൽവേ മേഖലയിൽ 66 ട്രെയിനുകളാണ് റദ്ദാക്കിയത്. 105 എണ്ണം ഭാഗികമായി റദ്ദാക്കിയപ്പോൾ 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടുവെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.