യുവനടിയുടെ പരാതി: ജീൻ പോൾ ലാലിനും ശ്രീനാഥ് ഭാസിക്കും മുൻകൂർ ജാമ്യം

കൊച്ചി∙ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ സംവിധായകൻ ജീൻ പോൾ ലാലിനും മറ്റു മൂന്നുപേർക്കും ഉപാധികളോടെ മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജീൻ പോൾ ലാലിന്റെ ഹണി ബീ 2 സിനിമയിൽ ബോഡി ഡബ്ലിങ് നടത്തിയെന്ന പുതുമുഖ നടിയുടെ പരാതിയിലാണ് നടപടി.

ജീൻ പോൾ ലാലിനെക്കൂടാതെ, നടൻ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ, അനിരുദ്ധൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. അതിനിടെ, പരാതി കോടതിക്കു പുറത്തു തീർപ്പാക്കിയതായി നടിയും എതിർകക്ഷികളും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരാതിയിലെ സാമ്പത്തിക ഇടപാട് ഒഴികെയുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ഹണീ ബീ ടു എന്ന സിനിമയിൽ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരിൽ പ്രദർശിപ്പിച്ചെന്ന് ആരോപിച്ചു നടി നൽകിയ പരാതിയിലാണ് കേസ്. നടിയുടെ പരാതിയിൽ സിനിമയുടെ സെൻസർ കോപ്പി പരിശോധിക്കാൻ പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു. സിനിമയിലെ സീൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്.