യുഎസ് നാവിക കപ്പൽ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചു; 10 നാവികരെ കാണാതായി

യുഎസ്എസ് ജോൺ എസ്. മക്കെയ്ൻ (ഫയൽ ചിത്രം)

ന്യൂയോർക്ക്∙ യുഎസ് നാവികസേനയുടെ ആർലീഗ് ബുർക് ക്ലാസിലുള്ള ഡിസ്ട്രോയർ കപ്പൽ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി. അഞ്ചുപേർക്കു പരുക്കേറ്റു. സിംഗപ്പൂരിനു കിഴക്ക് മലാക്കാ കടലിടുക്കിനു സമീപമാണ് അപകടം. യുഎസ്എസ് ജോൺ എസ്. മക്കെയ്ൻ, ലൈബീരിയൻ എണ്ണക്കപ്പലായ അൽനിക് എംസിയുമായാണ് കൂട്ടിയിടിച്ചത്. പ്രദേശിക സമയം പുലർച്ചെ 5.24നായിരുന്നു അപകടം. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

നാവിക കപ്പലിനു കേടുപാടുകൾ പറ്റിയിട്ടുണ്ട്. എന്നാൽ സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ് മക്കെയ്ൻ. കേടുപാടുകളുടെ ആഴവും മറ്റും പരിശോധിക്കുന്നതേയുള്ളെന്ന് ഏഴാം കപ്പൽപ്പട വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരച്ചിലിന് യുഎസ് നാവിക സേനയുടെ സീഹ്വാക് ഹെലിക്കോപ്റ്ററുകളും സിംഗപ്പൂർ നാവിക കപ്പലും ഹെലിക്കോപ്റ്ററുകളും സിംഗപ്പൂർ പൊലീസ് കോസ്റ്റ് ഗാർഡ് കപ്പലും രംഗത്തുണ്ട്.

യുഎസ് നാവികസേനയുടെ ഏഴാം കപ്പൽപ്പടയുടെ ഭാഗമായി ജപ്പാനിലെ യോകോസുകയുടെ തുറമുഖം കേന്ദ്രീകരിച്ചായിരുന്നു മക്കെയ്ൻ പ്രവർത്തിച്ചിരുന്നത്. ഏഷ്യൻ കടലിൽ യുഎസിന്റെ യുദ്ധക്കപ്പൽ ഉള്‍പ്പെടുന്ന നാലാമത്തെ അപകടമാണ് ഇത്. ജൂണിൽ യുഎസ്എസ് ഫിറ്റ്സ്ഗെറാൾഡ് ജപ്പാന് തെക്ക് മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് ഏഴു നാവികർ കൊല്ലപ്പെട്ടിരുന്നു.