ബാർസിലോന ആക്രമണം: രക്ഷപ്പെട്ട അവസാനത്തെ ഭീകരനും വെടിയേറ്റു മരിച്ചു

യൂനസ് അബുയാക്കൂബിനെപ്പറ്റിയുള്ള വിവരങ്ങളുമായി പൊലീസ് ട്വീറ്റ് ചെയ്ത ചിത്രങ്ങൾ.

ബാർസിലോന∙ സ്പെയിനിലെ ലാ റംബ്‌ലാസിൽ വിനോദസ‍ഞ്ചാരികൾക്കിടയിലേക്കു വാനോടിച്ചു കയറ്റി 15 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ രക്ഷപ്പെട്ട ഭീകരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയ വാനിന്റെ ഡ്രൈവറായിരുന്നുവെന്നു കരുതുന്ന യൂനസ് അബുയാക്കൂബ് എന്ന ഇരുപത്തിരണ്ടുകാരനാണ‌ു കൊല്ലപ്പെട്ടതെന്നു പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ബെൽറ്റ് ഇയാൾ ധരിച്ചിരുന്നതായി കരുതിയിരുന്നെങ്കിലും പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. 

ബാർസിലോനയിൽ നിന്നു 40 കിലോമീറ്ററോളം മാറിയായിരുന്നു സംഭവം. സ്പെയിൻ അതിർത്തികടന്നു ഫ്രാൻസിലേക്കു യൂനസ് കടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഇയാൾ കൊല്ലപ്പെട്ടതായുള്ള വാർത്ത വന്നിരിക്കുന്നത്. ഭീകരാക്രമണം നടപ്പാക്കാൻ എത്തിയ 12 അംഗ സംഘത്തിൽ ഇയാൾ മാത്രമാണു രക്ഷപ്പെട്ടിരുന്നത്. ബാക്കിയുള്ളവർ വെടിയേറ്റും ബോംബ് സ്ഫോടനത്തിലും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

മൊറോക്കോ പൗരത്വമുള്ള യൂനസിനു വേണ്ടി യൂറോപ്പിലാകമാനം തിരച്ചിൽ ശക്തമാക്കിയിരുന്നു. ബാർസിലോനയിലാണ് ഇയാൾ വളർന്നത്. യൂനസ് അപകടകാരിയാണെന്നും ആയുധം ധരിച്ചാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കു മുന്നറിയിപ്പും നൽകി. ഇയാളുടെ നാലു ഫോട്ടോകളും പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.

അതിനിടെ, ബാർസിലോന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി കാറിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ മുപ്പത്തിനാലുകാരന്റെ കൊലപാതകത്തിനു പിന്നിലും യൂനസ് ആണെന്നാണു കരുതുന്നത്. ബാർസിലോനയിലെ ആക്രമണത്തിനു ശേഷം രക്ഷപ്പെടുന്നതിനിടെ യൂനസ് തട്ടിയെടുത്ത കാറിന്റെ ഉടമയാണു കൊല ചെയ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു. ആക്രമണത്തിൽ 34 രാജ്യങ്ങളിൽനിന്നുള്ള 120 പേർക്കു പരുക്കേറ്റിരുന്നു.