രാജ്നാഥ് സിങ്ങിനെ തള്ളി ചൈന; ദോക് ലാ പ്രശ്ന പരിഹാരം അകലെത്തന്നെ

ബെയ്ജിങ് ∙ ദോക്‌ ലാ പ്രശ്ന പരിഹാരത്തിന് ചൈനയുടെ ഭാഗത്തുനിന്ന് ‘ക്രിയാത്മക നീക്കം’ ഉണ്ടാകുമെന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതീക്ഷകളെ തള്ളി ചൈന രംഗത്ത്. ദോക്‌ ലാ പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗം അതിർത്തിയിൽനിന്ന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിൻവലിക്കുക എന്നതു മാത്രമാണെന്ന നിലപാട് ചൈന ആവർത്തിച്ചു. ഡൽഹിയിൽ ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കിയത്.

അതിർത്തിയിൽ സമാധാനം പുലരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിർത്തിയിലെ സംഘർഷത്തിനു കാരണം ഇന്ത്യയാണെന്ന നിലപാട് ആവർത്തിച്ചാണ് ഇതിന് ചൈന മറുപടി നൽകിയിരിക്കുന്നത്. ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി ലംഘിച്ചിരിക്കുകയാണെന്ന ആക്ഷേപവും ചൈന ആവർത്തിച്ചു. ദോക്‌ ലാമിൽ റോഡു നിർമിക്കാനുള്ള ചൈനയുടെ ശ്രമം തടസപ്പെടുത്തിയ ഇന്ത്യയുടെ നടപടിയെയും ചൈനീസ് വിദേശകാര്യ വക്താവ് ഹ്വാ ചുനിയിങ് വിമർശിച്ചു.

ദോക് ലാ മേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സേനകൾ ഒന്നര മാസത്തിലേറെയായി മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയും അതിനോടുള്ള ചൈനയുടെ പ്രതികരണവും എത്തിയിരിക്കുന്നത്. തങ്ങളുടെ അധീനതയിൽപ്പെട്ട സ്ഥലത്താണു റോഡ് നിർമിക്കുന്നതെന്നും ഇന്ത്യൻ സൈന്യം തർക്കത്തിൽപ്പെട്ടുകിടക്കുന്ന ദോക് ലാ മേഖലയിൽനിന്നു പിന്മാറണമെന്നുമാണ് ചൈനയുടെ ആവശ്യം. എന്നാൽ ദോക് ലാ തങ്ങളുടേതാണെന്നാണ് ഭൂട്ടാന്റെ അവകാശവാദം.