‘ദിലീപ് കിങ് ലയർ’ എന്ന് പ്രോസിക്യൂഷൻ; ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

(ഫയൽ ചിത്രം)

കൊച്ചി ∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നൽകിയ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് പൂർത്തിയായി. തുടർന്ന് ഹർജിയിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജാമ്യത്തിനായി പ്രതിഭാഗം ഉയർത്തിയ വാദങ്ങളെ ഖണ്ഡിച്ച പ്രോസിക്യൂഷൻ, ദിലീപ് കിങ് ലയർ ആണെന്ന് ആരോപിച്ചു. ദിലീപും പൾസർ സുനിയും പരിചയക്കാരല്ലെങ്കിൽ ഇരുവരുടെയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു ടവറിനു കീഴിൽവരുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ തെളിവുകളുണ്ടെന്നും കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാവിലെ നടന്ന വാദത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയെ നടൻ ദിലീപ് വീണ്ടും പഴിചാരിയിരുന്നു. പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ‍ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നൽകാൻ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു. നടിയെ ഉപദ്രവിച്ച കേസിൽ റിമാൻഡിലായ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകൻ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.

ദിലീപിനായുള്ള വാദങ്ങളിൽ നിന്ന്:

സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കിൽ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈൽ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആൾക്കൂട്ടത്തിൽ നിന്നു ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവൻ ഉള്ളപ്പോൾ എല്ലാവരും കാണുന്ന രീതിയിൽ പുറത്തുനിന്നു ഗൂഢാലോചന നടത്തേണ്ടതുണ്ടോ? പൊലീസ് കണ്ടെടുത്ത ഒൻപതു മൊബൈൽ ഫോണുകളിൽ നിന്ന് സുനിയുടെ ഒരു കോൾ പോലും ദിലീപിനു പോയിട്ടില്ല. നാലുവർഷത്തെ ഗൂഢാലോചന ആയിരുന്നെങ്കിൽ ഒരിക്കലെങ്കിലും വിളിക്കില്ലേ? സാക്ഷികളെയുണ്ടാക്കാൻ പൊലീസ് കഥ മെനയുകയാണ്. സുനിൽ ഒട്ടേറെ കേസുകളിൽപ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പൊലീസ് കുരിശിലേറ്റുന്നു. സുനിൽ ജയിലിൽ നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനിൽ പറയുന്നത്. അതിൽ സത്യമുണ്ടെങ്കിൽ പണം കൊടുത്തു കേസ് ഒതുക്കാൻ ശ്രമിക്കില്ലേ?

ഉപദ്രവിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണു കേസിലെ സാക്ഷികൾ. ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നൽകിയിട്ടും ഇതെക്കുറിച്ചു പൊലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോ എന്നു പോലും ചോദിച്ചില്ല. ഇതു മറ്റാരെയോ രക്ഷിക്കാനുള്ള ശ്രമമാണ്. മേൽനോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസിൽ തൊടാൻ അനുവദിച്ചില്ല. പൊതുജന വികാരം തനിക്കെതിരെയാക്കാൻ പൊലീസ് ബോധപൂർവമായ ശ്രമം നടത്തി. അറസ്റ്റിനു പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടാകുകയും അന്വേഷണത്തിൽ കഴമ്പില്ലെന്നു വ്യക്തമാകുകയും ചെയ്തതു വൻഗൂഢാലോചനയുടെ തെളിവാണ്. മാധ്യമങ്ങളും വേട്ടയാടുന്നു.

ദിലീപിനോടു ശത്രുതയുള്ള തിയറ്റർ ഉടമയും പരസ്യ സംവിധായകനും മറ്റും ശക്തമായ നീക്കങ്ങൾക്കു കഴിവുള്ളവരാണ്. അറസ്റ്റ് എന്തിനാണെന്നു പോലും അറിയില്ല. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനാണെന്നു പറഞ്ഞ് ഇനിയും കസ്റ്റഡിയിൽ വയ്ക്കുന്നതു ന്യായമല്ല. ഫോൺ എവിടെനിന്നു കണ്ടെടുക്കുമെന്നു പൊലീസ് വ്യക്തമാക്കണമെന്നും ഹർജിഭാഗം ആവശ്യപ്പെട്ടു.