ഒടുവിൽ സിപിഐക്കും ശരിയായി; ‘പാർക്കിൽ’ പി.വി.അൻവറിന് പൂർണ പിന്തുണ

നിലമ്പൂർ∙ പി.വി.അൻവർ എംഎൽഎയുടെ പാർക്കിനു പിന്തുണയുമായി സിപിഎമ്മിനൊപ്പം സിപിഐയും. പാർക്കിന്റെ പ്രവർത്തനത്തിൽ നിയമലംഘനമുണ്ടെന്ന മുൻ നിലപാട് സിപിഐ ജില്ലാകമ്മിറ്റി തിരുത്തി. ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തിരുത്ത്. പാർക്കിനു ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയും ജില്ലാകമ്മിറ്റിക്കു കൈമാറി.

പാർക്കിന്റെ അനുമതി സംബന്ധിച്ചു രണ്ടു തട്ടിലായിരുന്ന സിപിഎമ്മും സിപിഐയും പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രവർത്തനം നിയമപരമെന്ന നിലപാടിലെത്തിയിരിക്കുന്നത്. പാർക്കിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നു ഇരുപാർട്ടികളുടെയും ജില്ലാകമ്മിറ്റികൾ നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജില്ലാകൗൺസിൽ അംഗം പി.കെ.കണ്ണന്റെ നേതൃത്വത്തിൽ പാർക്ക് സന്ദർശിച്ച സിപിഐ സംഘം പ്രഥമദൃഷ്ട്യാ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

സിപിഐയുടെയും സിപിഎമ്മിന്റെയും അന്വേഷണ കമ്മിഷനുകൾ പാർക്കിൽ വെവ്വേറെ സന്ദർശനം നടത്തി. സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.വിശ്വനും സംഘവുമാണു പാർക്കിൽ നേരിട്ടെത്തി അന്വേഷണം നടത്തിയത്. പി.വി.അൻവറിനു ക്ലീന്‍ ചിറ്റ് നൽകിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിപിഐ ജില്ലാകമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു.