Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യതാ വിധി ആധാറിനു ബാധകമല്ല, പാനുമായി ബന്ധിപ്പിക്കണം: യുഐഡി സിഇഒ

INDIA BUDGET

ന്യൂഡൽഹി∙ ആദായനികുതി അടയ്ക്കുന്നതിന് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ സ്‌കീം (യുഐഡി) സിഇഒ അജയ് ഭൂഷൺ പാണ്ഡെ. ഈമാസം 31നു മുൻപ് ആധാർ– പാൻ ബന്ധിപ്പിച്ചിരിക്കണം. സർക്കാർ സബ്സിഡികൾ, വെൽഫെയർ സ്കീമുകൾ, മറ്റ് ആവശ്യങ്ങൾ ഇവയ്ക്കെല്ലാം ആധാർ നിർബന്ധമാണെന്നും അജയ് ഭൂഷൺ വ്യക്തമാക്കി.

ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പാനും ആധാറും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയത്. അതേ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടരും. അതിൽ മാറ്റമൊന്നുമില്ലെന്നും അജയ് ഭൂഷൺ പറഞ്ഞു. ആധാർ നിയമത്തിൽ വിശ്വാസമുണ്ടെന്നും വിവരങ്ങൾ ചോരില്ലെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ആധാർ നിയമത്തെക്കുറിച്ച് സുപ്രീം കോടതിയുടെ ഉത്തരവിൽ യാതൊന്നും പറഞ്ഞിരുന്നില്ല. അതിനാൽ അത് നിലനിൽക്കുന്നതാണെന്നും അജയ് ഭൂഷൺ വ്യക്തമാക്കി.

പാചകവാതകം ബുക്ക് ചെയ്യുന്നതു മുതൽ ബാങ്ക് അക്കൗണ്ടോ പുതിയ മൊബൈൽ നമ്പറോ ലഭിക്കുന്നതുവരെ ആധാർ കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. നേരത്തേ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡുകൾ റദ്ദാക്കും എന്ന സർക്കാർ തീരുമാനവും സുപ്രീം കോടതി തടഞ്ഞിരുന്നു. ആധാർ ഇല്ലാത്തവർക്ക് ഇതു നിർബന്ധമാക്കരുത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

ആധാറിനുവേണ്ടി ശേഖരിച്ച ബയോമെട്രിക് സ്ഥിതിവിവരക്കണക്കുകൾ വെബ്സൈറ്റുകളിലൂടെ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ആധാറിനു നൽകിയ സ്ഥിതിവിവരങ്ങൾ ആർക്കും ശേഖരിക്കാമെന്ന സ്ഥിതിയായിരുന്നു. പിന്നീട് വിവാദമായതിനെ തുടർന്നാണ് വിവരങ്ങൾ സൈറ്റുകളിൽനിന്ന് നീക്കം ചെയ്തത്.