Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് ശർമയ്ക്കു സെഞ്ചുറി; മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യക്ക് പരമ്പര

Rohit Sharma and Mahendra Singh Dhoni

പല്ലേക്കലെ ∙ ഓപ്പണർ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയും നിറഞ്ഞാടിയ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യക്ക് പരമ്പര. സെ‍ഞ്ചുറി നേടി രോഹിത്തും (124) അർധ സെഞ്ചുറിയുമായി ധോണിയും (67) പുറത്താകാതെ നിന്നു. സ്കോർ ശ്രീലങ്ക 217/9, ഇന്ത്യ ഓവറിൽ 45.1 ഓവറിൽ നാലിന് 218. ഇന്ത്യക്കു ജയിക്കാൻ എട്ടു റൺ‌സ് മാത്രം വേണ്ടപ്പോൾ കാണികളുടെ ഇടപെടലിനെ തുടർന്ന് മൽസരം അരമണിക്കൂറോളം തടസ്സപ്പെട്ടു. പിന്നീട് പ്രശ്നക്കാരായ കാണികളെ സ്റ്റേഡിയത്തിൽനിന്നും ഒഴിപ്പിച്ച ശേഷമാണ് മൽസരം പുനരാരംഭിച്ചത്. അഞ്ച് മൽസരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ടു മൽസരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.

നാലിന് 61 എന്ന നിലയിൽ ബാറ്റിങ് നിര തകർച്ച നേരിട്ടപ്പോഴാണ് രോഹിത്തും ധോണിയും ക്രീസിൽ ഒത്തുചേരുന്നത്. പിന്നീട് ഒരു വശത്ത് അടിച്ചു മുന്നേറിയ രോഹിത്തും വിക്കറ്റുകളയാതെ മികച്ച പിന്തുണ നൽകിയ ധോണിയും മൽസരം തിരിച്ചുപിടിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 157 റൺസെടുത്തു

218 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. സ്കോർ ഒൻപതിൽവച്ച് ശിഖർ ധവാൻ(അഞ്ച്) പുറത്ത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ കോഹ്‌ലിക്കു നേടാനായത് മൂന്നു റൺസ് മാത്രം. ലോകേഷ് രാഹുൽ 17 റൺസെടുത്ത് പുറത്തായി. സ്ഥാനക്കയറ്റം ലഭിച്ചുവന്ന കേദാർ ജാദവ് അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. അപ്പോൾ ഇന്ത്യൻ സ്കോർ ഉണ്ടായിരുന്നത് 61 റൺസ് മാത്രമായിരുന്നു.

ലങ്കയെ തകർത്തെറിഞ്ഞ് ജസ്പ്രീത് ബുംറ

അഞ്ചു വിക്കറ്റ് നേട്ടവുമായി കളം നിറഞ്ഞ ജസ്പ്രീത് ബുംറയ്ക്കു മുന്നിൽ ശ്രീലങ്ക തകർന്നടിയുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 10 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി അ‍ഞ്ചു വിക്കറ്റ് പിഴുത ബുംറയാണ് ലങ്കയെ തകർത്തത്. അർധസെഞ്ചുറി (80) നേടിയ ലഹിരു തിരിമാന്നെയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.

കുറഞ്ഞ ഓവര്‍ നിരക്കിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായതിനാല്‍ ഉപുല്‍ തരംഗയ്ക്ക് പകരം ശ്രീലങ്കയെ നയിച്ച കപ്പുഗദേരയെയാണ് ഇത്തവണ ടോസ് ഭാഗ്യം അനുഗ്രഹിച്ചത്. ടോസ് നേടിയതൊഴിച്ചാൽ ഇത്തവണയവും പ്രകടനത്തിൽ കാര്യമായ പുരോഗതി കാട്ടാൻ ലങ്കയ്ക്ക് കഴിഞ്ഞില്ല. ടീമിലേക്കുള്ള തിരിച്ചുവരവ് അർധസെഞ്ചുറിയുമായി ആഘോഷിച്ച ലഹിരു തിരിമാന്നെയെ മാറ്റിനിർത്തിയാൽ ദയനീയ പ്രകടനമായിരുന്നു ലങ്കൻ ബാറ്റ്സ്മാൻമാരുടേത്. 105 പന്തിൽ അ‍ഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 80 റൺെസടുത്ത തിരിമാന്നെയ്ക്കു പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് അ‍ഞ്ചു താരങ്ങൾ.

71 പന്തിൽ നാലു ബൗണ്ടറികളോടെ 36 റൺസെടുത്ത ദിനേശ് ചണ്ഡിമലാണ് അവരുടെ രണ്ടാമത്തെ ടോപ് സ്കോറർ. നിരോഷൻ ഡിക്ക്‌വല്ല (15 പന്തിൽ 13), ഏഞ്ചലോ മാത്യൂസ് (23 പന്തിൽ 11), കപുഗദേര (22 പന്തിൽ 14), സിരവർധനെ (27 പന്തിൽ 29), കുശാൽ മെൻഡിസ് (10 പന്തിൽ 1), ധനഞ്ജയ (ആറു പന്തിൽ 2), ചമീര (10 പന്തിൽ ആറ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഫെർണാണ്ടോ (5) മലിംഗ (1) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറ അഞ്ചും ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ചമീര റണ്ണൗട്ടായി.

related stories