Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിലെ സർക്കാർ ബസുകൾ ‘കാവിവണ്ടി’യായി; ഇഷ്ടനിറം പൂശി യോഗി സർക്കാർ

UPSRTC

ലക്നൗ∙ പൊടിപിടിച്ച്, ചെളിപറ്റി കിതച്ചോടുന്ന നമ്മുടെ ആനവണ്ടികൾ ചൂളിപ്പോകും ഉത്തർപ്രദേശിലെ സർക്കാർ ബസുകൾ കണ്ടാൽ. അഞ്ചാണ്ട് കൂടുമ്പോൾ ബസുകളെ പെയിന്റടിച്ച് ഉഷാറാക്കിയെടുക്കും യുപിയിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (യുപിഎസ്ആർടിസി). പക്ഷേ പെയിന്റടിക്കുന്നതിനു പിന്നിൽ ചില ‘കൂട്ടുകളുണ്ട്’; രാഷ്ട്രീയക്കൂട്ട് !

ഓരോ തവണയും ഭരണം മാറുമ്പോഴാണു യുപിഎസ്ആർടിസി ബസുകൾക്ക് പെയിന്റടിക്കാനുള്ള അവസരം കിട്ടുക. ബസുകൾക്ക് സ്ഥിരം ഒരു നിറമായിരിക്കില്ലെന്നതണ് പ്രത്യേകത. ഏതു പാർട്ടിയാണോ അധികാരത്തിൽ വരുന്നത് അവരുടെ കൊടിയുടെ നിറത്തിലായിരിക്കും പെയിന്റടിക്കുക. ഇത്തവണ യുപിയിലെ ബസുകൾ കാവിനിറത്തിലാണ് നിരത്തിലിറങ്ങാൻ പോകുന്നത്. ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് കാവിനിറം പൂശിയത്. കാവിനിറത്തിൽ പുതിയ ബസുകളും ഓടിക്കുന്നുണ്ട്.

UPSRTC

ഇത്രയധികം നിറം കിട്ടിയ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ രാജ്യത്ത് കുറവായിരിക്കും. ബിഎസ്പിയുടെ ഭരണകാലത്ത് നീലയും വെള്ളയും, സമാജ്‍വാദി പാർട്ടിയുടെ കാലത്ത് ചുവപ്പും പച്ചയും പെയിന്റുകളാണ് അടിച്ചത്. സർവജൻ ഹിതായ് സർവജൻ സുഖായ് ബസ് സർവീസ് ബിഎസ്പി കൊണ്ടുവന്നതാണ്. നീലയും വെള്ളയുമായിരുന്നു തീം. എസ്പി അധികാരത്തിലേറിയപ്പോൾ ലോഹ്യ ഗ്രാമീൺ ബസ് സേവ ആരംഭിച്ചു. ചുവപ്പും പച്ചയും കലർന്ന ഈ ബസിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കുറവുമുണ്ടായിരുന്നു.

യോഗി സർക്കാർ കാവിനിറത്തിൽ പുറത്തിറക്കുന്ന ബസുകൾക്ക് അന്ത്യോദയ എന്നാണു പേരിട്ടത്. യോഗി ആദിത്യനാഥിന് ഇഷ്ടപ്പെട്ട നിറമാണു കാവി. 50 പുതിയ ബസുകളാണ് ഇറക്കുന്നത്. ആർഎസ്എസ് സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ സ്മരണയിലാണ് അന്ത്യോദയ സർവീസ് ആരംഭിക്കുന്നത്. കഴിഞ്ഞ എസ്പി സർക്കാരിന്റെ പാതയിൽ ടിക്കറ്റുനിരക്കുകളിൽ ഇളവ് അനുവദിക്കാനും സാധ്യതയുണ്ട്.

അതേസമയം, സർക്കാർ ബസുകളെ ‘കാവിവൽക്കരിക്കുന്നതിൽ’ എതിർപ്പുമായി എസ്പി രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വ അജൻഡ പ്രചരിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നു എസ്പി എംഎൽസി സുനിൽ സിങ് യാദവ് ആരോപിച്ചു.