Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ 117 വർഷം പഴക്കമുള്ള കെട്ടിടം തകർന്ന് അപകടം: മരണം 34 ആയി

Mumbai Accident തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം. ചിത്രം വിഷ്ണു വി. നായർ

മുംബൈ ∙ 117 വർഷം പഴക്കമുള്ള അഞ്ചുനില കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 34 ആയി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ മുഴുവൻ പുറത്തെടുത്തതായി സ്ഥിരീകരിച്ച അഗ്നിശമന സേനയാണ് മരണസംഖ്യ 34 ആയി ഉയർന്നതായി അറിയിച്ചത്. മരിച്ചവരിൽ 24 പുരുഷൻമാരും ഒൻപതു സ്ത്രീകളും 20 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. പരുക്കേറ്റ 15 പേരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. 47 പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്), അഗ്നിശമന സേനയും പൊലീസും മുംബൈ കോർപറേഷൻ അധികൃതരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ ആറ് അഗ്‌നിശമന ജീവനക്കാർക്കും ഒരു എൻഡിആർഎഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

Mumbai Accident തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം. ചിത്രം വിഷ്ണു വി. നായർ

ദക്ഷിണ മുംബൈയിൽ ക്രഫോഡ് മാർക്കറ്റിനടുത്തു ഭേണ്ടി ബസാറിനു സമീപമാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകർന്നുവീണത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന പക്മോഡിയെ സ്ട്രീറ്റ് മേഖലയിലെ ഹുസൈനിവാല എന്ന കെട്ടിടമാണു തകർന്നത്.

വ്യാഴാഴ്ച രാവിലെ 8.20ന് ആയിരുന്നു ദുരന്തം. അപകടാവസ്ഥയിലാണെന്നും താമസക്കാർ ഒഴിഞ്ഞുപോകണമെന്നും പലവട്ടം മുനിസിപ്പൽ കോർപറേഷൻ ഇവിടെ നോട്ടിസ് പതിച്ചിരുന്നതാണ്. മഴക്കാലത്തിനു മുൻപെടുത്ത സർവേയിൽ 791 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയിരുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണു മുംബൈയിൽ കെട്ടിടം തകർന്ന് അപകടമുണ്ടാകുന്നത്. അഞ്ചു ദിവസത്തോളം തുടർച്ചയായി പെയ്ത മഴയിൽ ബലക്ഷയം കൂടിയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ താഴ്നിലയിൽ പ്രവർത്തിച്ചിരുന്ന 50 വിദ്യാർഥികളുള്ള പ്ലേ സ്കൂൾ തുറക്കുന്നതിന് അര മണിക്കൂർ മുൻപാണ് അപകടം.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. കെട്ടിടം തകർന്നുവീണ സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു. അപകടത്തെപ്പറ്റി അഡിഷനൽ ചീഫ് സെക്രട്ടറി (ഹൗസിങ്) അന്വേഷിക്കുമെന്നു ഫഡ്നാവിസ് അറിയിച്ചു.