Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ കാലവർഷം അതിശക്തം; മൺസൂണെത്തും മുൻപേ ‘മുങ്ങി’ മുംബൈ

India Fishermen കനത്ത മഴയിൽ മുംബൈയിലുണ്ടായ വെള്ളക്കെട്ട്. ചിത്രം: എഎൻഐ

മുംബൈ∙ നഗരജീവിതത്തിന്റെ തിരക്കുകളെ വെള്ളത്തില്‍ മുക്കി മുംബൈയിൽ കനത്ത മഴ. പതിവുപോലെ സബർബൻ സര്‍വീസുകൾ ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾ മുടങ്ങി. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ലണ്ടനിൽനിന്നുള്ള ജെറ്റ് എയർവെയ്സ് വിമാനം മുംബൈയിൽ ഇറങ്ങുന്നതിനു പകരം അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. ദാദർ, പരേൽ, ബാന്ദ്ര, അന്ധേരി തുടങ്ങിയ ഇടങ്ങളിൽ ഉൾപ്പെടെ കനത്ത വെള്ളക്കെട്ടാണ്. റോഡുകൾ വെള്ളത്തിൽ മുങ്ങി.

അടുത്ത 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ അതിശക്തമായ മഴയുണ്ടാകുമെന്നു ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. പലയിടത്തും വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെത്തുടർന്നു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. മുംബൈ – താനെ റൂട്ടിൽ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകി.

‌ബൃഹത്‌മുംബൈ മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) ജീവനക്കാർക്കു ശനി, ഞായർ ദിവസങ്ങളിൽ അനുവദിച്ചിട്ടുള്ള ‘ഓഫ്’ റദ്ദാക്കി. ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണറും അസി. കമ്മിഷണർമാരും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ അവധികളും റദ്ദാക്കി. നാലു ദിവസത്തേക്കു ‘റെഡ് അലർട്ടും’ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെത്തുടർന്നാണു നീക്കം.

അടുത്ത 48-72 മണിക്കൂറുകൾക്കകം മൺസൂൺ മുംബൈയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ജൂൺ 8, 9, 10 തിയതികളിൽ കനത്ത മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. ഗോവയിലും കൊങ്കൺ തീരത്തും വ്യാഴാഴ്ച മൺസൂണെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം ഗുജറാത്ത്, തെക്കൻ മധ്യപ്രദേശ്, ബംഗാൾ, ഛത്തിസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിലും മഴയെത്തും.

മൺസൂണിനു മുന്നോടിയായി രക്ഷാപ്രവർത്തകർക്ക് വോക്കി ടോക്കി ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ നേരിടാൻ നാവികസേനയെയും സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ അഭയാര്‍ഥി കേന്ദ്രമായി ഉപയോഗിക്കാന്‍ സ്കൂളുകൾ മുഴുവൻ സമയവും തുറന്നിടണമെന്നും ആവശ്യമുണ്ട്.

കേരളത്തിലും ശക്തമായ മഴ

കേരളത്തിലും തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചു. സംസ്ഥാനത്തു പലയിടത്തും കഴിഞ്ഞ ദിവസം രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. ഈ മഴ അടുത്ത അഞ്ചു ദിവസത്തേക്കു കൂടി തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് മാത്രം 45.8 മില്ലി മീറ്റർ മഴ പെയ്തു. വിമാനത്താവളത്തിൽ 35.5 മി.മീ മഴ പെയ്തെങ്കിലും വിമാന സർവീസുകളെ ബാധിച്ചിട്ടില്ല. കൊച്ചി വിമാനത്താവളച്ചിൽ 51.8 മി.മീറ്ററും കണ്ണൂരിൽ 30.2 മി.മീറ്ററും മഴ ലഭിച്ചു.

related stories