വട്ടത്തിലിരുന്ന് വിദ്യാർഥികളുടെ കൂട്ട കോപ്പിയടി; വീണ്ടും ബിഹാർ മോഡൽ

വീർ കൻവർ സിങ് കോളജിന്റെ ക്ലാസ് വരാന്തയിൽ പുസ്കം വച്ച് കൂട്ടമായി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ.

പട്ന∙ കോപ്പിയടിയിലൂടെ വീണ്ടും രാജ്യത്തെ നാണംകെടുത്തുകയാണ് ബിഹാർ. നേരത്തേ പത്താം ക്ലാസുകാരാണ് കോപ്പിയടിച്ച് മാനക്കേട് ഉണ്ടാക്കിയതെങ്കിൽ ഇത്തവണ കോളജുകളിലാണ് സംഭവം. വട്ടത്തിലിരുന്ന് കൂട്ടമായി പുസ്തകം നോക്കി പകർത്തി പരീക്ഷ എഴുതുന്ന ചിത്രങ്ങളും പുറത്തുവന്നു.

ഭോജ്പുർ ജില്ലയിലെ അറാ നഗരത്തിലുള്ള വീർ കൻവർ സിങ് സർവകലാശാലയ്ക്കു (വികെഎസ്‌യു) കീഴിലെ കോളജുകളിലാണു കൂട്ട കോപ്പിയടി നടന്നത്. വെള്ളിയാഴ്ച നടന്ന ബിരുദ പരീക്ഷയിലാണു നൂറുകണക്കിന് വിദ്യാർഥികൾ ക്രമക്കേട് കാണിച്ചത്. മഹാരാജ കോളജ്, പൈഹരിജി മഹാരാജ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ വീർ കൻവർ സിങ് കോളജിന്റെ ക്ലാസ് വരാന്തയിൽ ഇരുന്ന് പുസ്കം വച്ചാണു പരീക്ഷ എഴുതിയത്. ടെക്സ്റ്റ് ബുക്കും നോട്ടുകളും ഗൈഡുകളും ഉപയോഗിച്ച് വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ പരീക്ഷയ്ക്ക് ഇരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടതായും പരീക്ഷ റദ്ദാക്കാൻ ഉത്തരവിട്ടതായും സർവകലാശാല വൈസ് ചാൻസലർ സയിദ് മുംതാസുദ്ദീൻ പറഞ്ഞു. കോപ്പിയടിയിലൂടെ വിവാദമായ ഫിസിക്സ് പേപ്പറിന്റെ പരീക്ഷ റദ്ദാക്കിയതായി സർവകലാശാല പരീക്ഷ കൺട്രോളർ സഞ്ജയ് കുമാർ ത്രിപാഠിയും അറിയിച്ചു. 300 വിദ്യാർഥികളുടെ പരീക്ഷയാണു റദ്ദാക്കിയത്. കോപ്പിയടി കണ്ടെത്തിയ ഫിസിക്സ് പേപ്പറിന്റെ പുനഃപരീക്ഷ സെപ്റ്റംബർ 20ന് നടക്കുമെന്നും സർവകലാശാല അറിയിച്ചു.

സംഭവത്തിൽ വീർ കൻവർ സിങ് കോളജ് അധികൃതരുടെ വിശദീകരണവും വന്നിട്ടുണ്ട്. 2300 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമേ കോളജിലുള്ളൂ എന്ന് പ്രിൻസിപ്പൽ പരംഹംശ് തിവാരി പറഞ്ഞു. എന്നാൽ സർവകലാശാല 4400 വിദ്യാർഥികളുടെ പരീക്ഷാസെന്ററായി നിശ്ചയിച്ചത് ഈ കോളജിനെയാണ്. ക്ലാസിൽ തിങ്ങിക്കൂടി ഇരിക്കാൻ സാധിക്കാത്തതിനാലും കടുത്ത ചൂട് ഉള്ളതിനാലുമാണ് കുട്ടികൾ വരാന്തയിലേക്കു മാറിയത്. സർവകലാശാല സാമ്പത്തിക സഹായം അനുവദിച്ചാൽ കൂടുതൽ ബഞ്ചും ഡെസ്കും വാങ്ങിക്കാമായിരുന്നെന്നും പ്രിൻസിപ്പൽ പറ‍ഞ്ഞു.

2015ൽ ആയിരത്തോളം പേർ പിടിയിൽ

2015ൽ പത്താംക്ലാസ് പരീക്ഷയ്ക്കിടെയാണ് ബിഹാറിൽ ലോകം ഞെട്ടിയ കൂട്ടക്കോപ്പിയടി നടന്നത്. സംഭവത്തിൽ എട്ടു പൊലീസുകാരടക്കം കോപ്പിയടിക്കു കുടപിടിച്ച ആയിരത്തോളം പേരെയാണ് പിടികൂടിയത്. 760 വിദ്യാർഥികളെ പുറത്താക്കി. കോപ്പിയടിയുടെ പേരിൽ പട്‌ന ഹൈക്കോടതിയും ബിഹാർ മനുഷ്യാവകാശ കമ്മിഷനും സർക്കാരിനെ വിമർശിച്ചിരുന്നു. പരീക്ഷാകേന്ദ്രങ്ങളുടെ പുറത്തുനിന്നാണു മിക്കവരെയും അറസ്‌റ്റ് ചെയ്‌തത്. പരീക്ഷയെഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് അറസ്‌റ്റിലായവരിൽ ഏറെയും. 1217 കേന്ദ്രങ്ങളിലായി 14.26 ലക്ഷം വിദ്യാർഥികളാണു പത്താംക്ലാസ് പരീക്ഷ എഴുതിയത്. കുട്ടികൾക്കു കോപ്പിയടിക്കാനുള്ള പുസ്‌തകങ്ങൾ എത്തിക്കാൻ രക്ഷിതാക്കളും ബന്ധുക്കളും അടക്കമുള്ളവർ കെട്ടിടത്തിനുമേൽ വലിഞ്ഞുകയറുകയായിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോൾ ‘അവരെ വെടിവച്ചുവീഴ്‌ത്തണമായിരുന്നോ’ എന്നാണു വിദ്യാഭ്യാസമന്ത്രി പി.കെ. സഹായ് ചോദിച്ചത്.

ഗുജറാത്തിലും കൂട്ട കോപ്പിയടി

ബിഹാറിൽ മാത്രമല്ല, ഗുജറാത്തിലും നടന്നു കൂട്ട കോപ്പിയടി. മാർക്കുകളിൽ പൊരുത്തക്കേടു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ മാർച്ചിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 670 വിദ്യാർഥികളെ ഗുജറാത്ത് സ്കൂൾ പരീക്ഷാ ബോർഡ് തോൽപിച്ചു. ഈ കുട്ടികൾക്കെല്ലാം ഒബ്‌ജക്ടീവ് ടൈപ് ചോദ്യങ്ങൾക്ക് 80 ശതമാനത്തിലേറെ മാർക്ക് ലഭിച്ചപ്പോൾ ഇതേ വിഷയങ്ങളിൽ വിശദമായി ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾക്ക് 50ൽ അഞ്ചു മാർക്ക് പോലും ലഭിച്ചിരുന്നില്ലെന്നതാണ് കാരണം.

ഇതെത്തുടർന്നു ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർസെക്കൻഡറി എക്സാമിനേഷൻ ബോർഡ് (ജിഎസ്എച്ച്എസ്ഇബി) 670 വിദ്യാർഥികളെയും തെളിവെടുപ്പിനു വിളിച്ചുവരുത്തി. ബന്ധപ്പെട്ട വിഷയങ്ങളിൽ ഇവർക്കു പ്രാഥമികവിവരം പോലുമില്ലെന്നു വ്യക്തമായതോടെയാണു തോൽപിച്ചത്. എന്നാൽ, പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളിൽ കൂട്ട കോപ്പിയടിയോ ക്രമക്കേടോ നടന്നതായി കാണുന്നില്ല. ഒഎംആർ ഉത്തരങ്ങൾ കുട്ടികൾക്ക് ആരോ പറഞ്ഞുകൊടുത്തതാകുമെന്നാണു അധികൃതരുടെ നിഗമനം.