ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യയ്ക്ക്; ലേലത്തുക 16,347 കോടി

മുംബൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കി. സോണി പിക്ചേഴ്സിനെ മറികടന്ന് 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ ഐപിഎൽ മീഡിയ റൈറ്റ്സ് കൈപ്പിടിയിലൊതുക്കിയത്. 2018 മുതൽ 2022 വരെയുള്ള അഞ്ചു വർഷത്തേക്കാണ് കരാർ.

കഴിഞ്ഞ 10 വർഷമായി സോണി പിക്സേഴ്സാണ് ഐപിഎൽ മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 2008ൽ ഏകദേശം 8,200 കോടി രൂപയ്ക്കാണ് സോണി പിക്ചേഴ്സ് 10 വർഷത്തേക്ക് കരാർ സ്വന്തമാക്കിയത്. 2015ൽ ഇതിന്റെ ഗ്ലോബൽ ഡിജിറ്റൽ അവകാശങ്ങൾ മൂന്നു വർഷത്തേക്ക് നോവി ഡിജിറ്റിലിനു കൈമാറിയിരുന്നു.

മീഡിയ റൈറ്റ്സ് സ്വന്തമാക്കാനുള്ള ലേലത്തിന് ടെന്‍ഡർ വിളിച്ചപ്പോൾ 24 കമ്പനികളാണ് താൽപര്യമറിയിച്ചു മുന്നോട്ടുവന്നത്. ടെൻഡർ സമർപ്പിച്ചപ്പോൾ അത് 14 ആയി ചുരുങ്ങി. ഇതിൽ സ്റ്റാർ ഇന്ത്യ, സോണി പിക്ചേഴ്സ് എന്നിവരെ അവസാന റൗണ്ടിലേക്കു തിര‍ഞ്ഞെടുക്കുകയായിരുന്നു.