Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ അഭയാർഥികൾ ഒരു ലക്ഷം കവിഞ്ഞു; മ്യാൻമറിനുമേൽ രാജ്യാന്തര സമ്മർദമേറി

Rohingya

നയ്‌ചിദോ (മ്യാൻമർ) ∙ രണ്ടാഴ്ചയ്ക്കിടെ മ്യാൻമറിൽനിന്നു ബംഗ്ലദേശിലേക്കു പലായനം ചെയ്ത രോഹിൻഗ്യ മുസ്‌ലിംകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ, മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചിക്കുമേൽ രാജ്യാന്തര സമ്മർദമേറി. ബംഗാൾ ഉൾക്കടലിനോടു ചേർന്ന ബംഗ്ലദേശ് അതിർത്തി ഗ്രാമമായ ഷംലാപുരിലേക്ക് ഇന്നലെയും നൂറുകണക്കിനു വള്ളങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാർഥി സംഘങ്ങൾ എത്തി. വംശീയാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നു ബംഗ്ലദേശ്, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ മ്യാൻമറിനോട് ആവശ്യപ്പെട്ടു.

മ്യാൻമറിന്റെ തലസ്ഥാനമായ നയ്‌ചിദോയിലെത്തിയ ഇന്തൊനീഷ്യ വിദേശകാര്യമന്ത്രി രത്‌നോ മർസൂദി, ഓങ് സാൻ സൂ ചിയുമായും കരസേനാ മേധാവിയുമായും കൂടിക്കാഴ്ച നടത്തി. സൈന്യം നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ദുരിതബാധിതർക്കു സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ടു. മ്യാൻമർ അംബാസഡറെ വിളിച്ചുവരുത്തി മലേഷ്യ ഉത്കണ്ഠ അറിയിച്ചു. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ കഴിഞ്ഞ 25നു സൈനിക പോസ്റ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പ്രതികാരമായാണു രോഹിൻഗ്യ ഗ്രാമങ്ങളിൽ സൈനികർ അക്രമമഴിച്ചുവിട്ടത്. ആയിരക്കണക്കിനു ഗ്രാമങ്ങൾ ചുട്ടെരിച്ച സൈനികർ, നാനൂറിലേറെപ്പേരെ വെടിവച്ചുകൊന്നു. ഇതോടെയാണു ജനങ്ങൾ പലായനമാരംഭിച്ചത്. എന്നാൽ, സൈന്യത്തിന്റേതു ഭീകരരെ അമർച്ച ചെയ്യുന്നതിനുള്ള നിയമവിധേയ നടപടിയാണെന്നാണ് മ്യാൻമർ ഭരണകൂടത്തിന്റെ നിലപാട്.

അഭയാർഥികളുടെ പുനരധിവാസത്തിനു ബംഗ്ലദേശിനു സഹായം വാഗ്ദാനം ചെയ്ത തുർക്കി, മ്യാൻമർ ഭരണകൂടം രോഹിൻഗ്യകളെ വംശഹത്യ ചെയ്യുകയാണെന്നു കുറ്റപ്പെടുത്തി. അഭയാർഥിപ്രശ്നം ചർച്ച ചെയ്യാനായി തുർക്കി വിദേശകാര്യമന്ത്രി ഉടൻ ധാക്കയിലെത്തും. ഓഗസ്റ്റ് 25നുശേഷം ബംഗ്ലദേശിലെത്തിയ അഭയാർഥികളുടെ സംഖ്യ 1,23,600 കവിഞ്ഞതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ. ഇതോടെ കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ബംഗ്ലദേശിൽ അഭയം തേടിയ രോഹിൻഗ്യകൾ 2,10,000 ആയി. കഴിഞ്ഞ ദിവസങ്ങളിൽ വെടിയേറ്റ പരുക്കുകളുമായി നൂറുകണക്കിനു പേർ എത്തിയതായും യുഎൻ ഏജൻസി വ്യക്തമാക്കുന്നു.