കശ്മീരികളുടെ മുഖത്ത് പുഞ്ചിരി വിടരുന്ന ദിനങ്ങളാണ് ലക്ഷ്യം: രാജ്നാഥ് സിങ്

ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നൗഷേര സെക്ടറിലെ അഭയാർഥി ക്യാംപിൽ എത്തിയപ്പോൾ.

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ജനങ്ങളുടെ വികാരങ്ങൾ മാനിച്ചു മാത്രമേ കേന്ദ്ര‌സർക്കാർ മുന്നോട്ടു പോകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജനവികാരം അവഗണിച്ച് ഒന്നും ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കശ്മീരിലെ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി വിടരുന്ന ദിനങ്ങളാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസം, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35എ–യുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സമാധാനവും സമ്പൽസമൃദ്ധിയും ഉറപ്പാക്കുന്നതിന് ആവശ്യമെങ്കിൽ 50 തവണ കശ്മീർ സന്ദർശിക്കാൻ ഒരുക്കമാണെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. ആർട്ടിക്കിൾ 35എ–യുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സംഘർഷങ്ങളും കശ്മീരിൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നതിന്റെ തെളിവാണ്. കശ്മീരിലേക്ക് ഭീകരവാദികളെ കയറ്റിവിടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭീകരവാദവും ആഭ്യന്തര സംഘർഷങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന കശ്മീരിലെ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത് കാണമെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീരിൽ സ്ഥിതി മെച്ചപ്പെടുന്നതിൽ സന്തുഷ്ടിയുണ്ട്. സംസ്ഥാനം സമ്പൂർണ സമാധാനത്തിലേക്കു തിരിച്ചുവരുമെന്നു പ്രത്യാശിക്കുന്നു.

കശ്മീരിൽ സ്ഥിതിഗതികൾ പതുക്കെയാണെങ്കിലും ശാന്തമായി വരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. വിവിധ പ്രശ്നങ്ങൾ മൂലം കശ്മീർ പിന്തള്ളപ്പെട്ടു കിടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതു മാറുന്നതിന് എല്ലാവരും കശ്മീരിലേക്കു സധൈര്യം വരാനും രാജ്നാഥ് സിങ് ആഹ്വാനം ചെയ്തു. വിനോദസഞ്ചാരികൾ കശ്മീരിലേക്ക് കൂടുതലായി എത്തുന്നതിന് പ്രത്യേക കാംപയിൻ നടത്തുമെന്നും രാജ്നാഥ് വ്യക്തമാക്കി.