നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥയോ? വിമർശിച്ച് ഹൈക്കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റിയ കോടതി, കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 10ന് നാദിർഷാ ഹാജരാകണമെന്നും നിർദ്ദേശിച്ചു.

കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഇങ്ങനെ

‘നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥ പോലെ നീളുകയാണല്ലോ? വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ?

ബുദ്ധി ഉപയോഗിച്ചാണോ അതോ ടവർ ലൊക്കേഷൻ നോക്കിയാണോ അന്വേഷണം? ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം നീണ്ടു പോകുന്നത് എന്താണ്? ക്രിമിനൽ ചട്ടപ്രകാരമായിരിക്കണം നടപടികൾ. കുറ്റപത്രം സമർപ്പിച്ച ശേഷം പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണ്? നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? നാദിർഷായെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിൽ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്തിന്? അന്വേഷണം എന്നാണ് തീരുക?

രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ‍ഡിജിപി

ഇതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഹൈക്കോടതിയെ അറിയിച്ചു. നാദിർഷായെ പ്രതിയാക്കാനുള്ള ഉദ്ദേശ്യമില്ലെന്നും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ തൽകാലമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അപ്പോഴാണ്, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ തൽസ്ഥിതി തുടരണമെന്നു കോടതി നിർദ്ദേശിച്ചത്. കോടതിയുടെ രൂക്ഷമായ ചോദ്യങ്ങൾക്കു വിശദമായൊന്നും പ്രോസിക്യൂഷൻ മറുപടി പറഞ്ഞില്ല. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകുമെന്നു മാത്രമാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇതിനിനി രണ്ടാഴ്ചയാണ് ശേഷിക്കുന്നത്.