പട്ടാളത്തിൽ ചേരാൻ ഇനി പാർട്ടിയുടെ സ്റ്റഡി ക്ലാസ്; പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ സിപിഎം

കണ്ണൂർ∙ സൈന്യത്തിൽ ചേരാൻ താൽപര്യമുള്ള യുവാക്കൾക്കായി സിപിഎം പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നു. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ കീഴിൽ എല്ലാ ജില്ലകളിലും പ്രീ റിക്രൂട്മെന്റ് ട്രെയിനിങ് സെന്ററുകൾ തുടങ്ങാനാണു തീരുമാനം. ഇതിനായി സൊസൈറ്റികൾ രൂപീകരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി. പാർട്ടി അനുഭാവികളായ വിമുക്തഭടൻമാരുടെ സേവനം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവും

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലികളിലെ വൻ പങ്കാളിത്തം രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗപ്പെടുത്താനാണു സിപിഎം തീരുമാനം. ചെറുപ്പക്കാരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ഇത്തരം പരിശീലന കേന്ദ്രങ്ങൾ കൊണ്ടു സാധിക്കുമെന്നാണു വിലയിരുത്തൽ. സൈന്യത്തിൽ ചേരാൻ താൽപര്യമുള്ള യുവാക്കൾ ഏറെയുണ്ടെങ്കിലും ഇതിനുള്ള പരിശീലന കേന്ദ്രങ്ങൾ കുറവാണ്. നിലവിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും പാർട്ടിയുടെ പുതിയ സംരംഭത്തിന്റെ പിന്നിലുണ്ട്.

കളരിയും കരാട്ടെയും പിന്നെ യോഗയും

യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനായി നേരത്തേ മാർഷ്യൽ ആർട്സ് അക്കാദമിയും സ്ത്രീകളെ ആകർഷിക്കാനായി യോഗാപരിശീലന കേന്ദ്രങ്ങളും സിപിഎം തുടങ്ങിയിരുന്നു. മാർഷ്യൽ ആർട്സ് അക്കാദമിയിൽ കളരിയിലും കരാട്ടെയിലും ആയിരുന്നു പരിശീലനം. പരിശീലനം നേടിയവരുടെ നേതൃത്വത്തിൽ കളരിപ്പയറ്റ്, യോഗ പ്രദർശനങ്ങൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. കണ്ണൂരിൽ പിണറായി കേന്ദ്രമായി പ്രവർത്തിക്കുന്ന എജ്യുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റിക്കാണു പരിശീലന കേന്ദ്രം നടത്താനുള്ള ചുമതല.