ദിലീപിനെ ജയിലിൽ സന്ദർശിച്ച കെപിഎസി ലളിത വെട്ടിലാക്കിയത് സിപിഎമ്മിനെ

തൃശൂർ∙ കെപിഎസി ലളിത വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി. പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ സമയത്തു ലളിത ജയിലിൽ ദിലീപിനെ സന്ദർശിച്ചതാണു പാർട്ടിക്കു തലവേദനയായത്. വടക്കാഞ്ചേരിയിൽ ലളിതയെ പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രാദേശികമായി ശക്തമായ എതിർപ്പു വന്നതോടെ മാറ്റേണ്ടിവന്നു. ലളിതയ്ക്കു അവർ താമസിക്കുന്ന വടക്കാഞ്ചേരിയിലെ പാർട്ടി നേതൃത്വവുമായി പ്രാദേശിക നേതാക്കളുമായോ ബന്ധമില്ല എന്നതായിരുന്നു പ്രധാന ആരോപണം. മാത്രമല്ല പെട്ടെന്ന് കീഴ് ഘടകങ്ങളെ മറികടന്നു ലളിതയെ സ്ഥാനാർഥിയാക്കുന്നതിലുള്ള എതിർപ്പും ശക്തമായിരുന്നു.

മന്ത്രി എ.സി. മൊയ്തീനായിരുന്നു അന്നു ലളിതയെ സ്ഥാനാർഥിയാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. എന്നാൽ മൊയ്തീൻ വടക്കാഞ്ചേരിയോടു തൊട്ടു കിടക്കുന്ന കുന്നംകുളത്തു മത്സരിക്കുമെന്നു വന്നതോടെ അദ്ദേഹം ലളിതാ വിവാദത്തിൽനിന്നു പിന്മാറി. സ്വാഭാവികമായും അവിടെ പുതിയ സ്ഥാനാർഥി വരികയും ചെയ്തു.

കെപിഎസി ലളിത ദിലീപിനെ ജയിലിൽ സന്ദർശിക്കാനെത്തിയപ്പോൾ (ടിവി ചിത്രം)

പീഡിപ്പിക്കപ്പെട്ട നടി തൃശൂർ ജില്ലക്കാരിയാണ്. അവരെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാൻ തയാറാകാത്ത ലളിത കേസിലെ പ്രതിയായ ദിലീപിനെ കണ്ടതു പാർട്ടി വനിതാ നേതാക്കളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു ഇത്തരം പരസ്യ നിലപാടെടുത്തതിൽ സാംസ്ക്കാരിക രംഗത്തുള്ള എതിർപ്പും ശക്തമാണ്. ദിലീപുമായി വ്യക്തബന്ധമുണ്ടെങ്കിലും അതു ഇത്തരമൊരു പദവിയിൽ ഇരിക്കുമ്പോൾ കാണിക്കേണ്ടതല്ലെന്നു സാംസ്കാരിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇരയ്ക്കു പകരം വേട്ടക്കാർക്കൊപ്പമാണു ലളിത നിന്നതെന്ന സമൂഹ്യ മാധ്യമ പ്രചരവും പാർട്ടിക്കു തലവേദനയുണ്ടാക്കുന്നു. പാർട്ടി അനുഭാവികൾ പോലും ഇത്തരം സന്ദേശങ്ങൾ ഗ്രൂപ്പൂകളിൽ ഫോർേവഡു ചെയ്യുന്നു. വടക്കാഞ്ചേരിയിൽ സിപിഎം നേതാവു പീഡനക്കേസിൽ പ്രതിയായപ്പോൾ പാർട്ടി അദ്ദേഹത്തെ പുറത്താക്കിയാണു തടി രക്ഷിച്ചത്. ഇപ്പോൾ സമ്മേളന കാലത്തു ലളിതയുണ്ടാക്കിയ പുലിവാൽ വടക്കാഞ്ചേരി അടക്കമുള്ള മേഖലയിൽ പാർട്ടിയെ കുഴക്കും. പ്രത്യേകിച്ചും ഇത്രയും വലിയ പദവികൾ ഇടയ്ക്കു കയറി വരുന്നവർക്കു നൽകുന്നതിൽ എതിർപ്പുള്ളവർ പാർട്ടിക്കകത്തു ഏറെയുള്ളപ്പോൾ.