25നു ശേഷം കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത: കാലാവസ്ഥാ വിഭാഗം

തിരുവനന്തപുരം∙ സംസ്ഥാനത്ത് 22 വരെ വ്യാപകമായ മഴ പെയ്യുമെന്നും 25നു ശേഷം കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം. കഴിഞ്ഞയാഴ്ച കേരളതീരത്തു രൂപംകൊണ്ട തരത്തിലുള്ള ന്യൂനമർദം അടുത്ത ആഴ്ചയിലുമുണ്ടാകാനുള്ള സാധ്യതയെത്തുടർന്നാണു മുന്നറിയിപ്പ്. ന്യൂനമർദം കേരളവും ഗോവയും പിന്നിട്ടു മഹാരാഷ്ട്രയിലേക്കു കടന്നിട്ടുണ്ട്.

അടുത്തയാഴ്ചയോടെ ന്യൂനമർദം വീണ്ടുമുണ്ടായാൽ 25 മുതൽ മഴ കനക്കും. തെക്കൻകേരളത്തിൽ മഴ കുറഞ്ഞെങ്കിലും വടക്കൻകേരളത്തിലും മലയോരപ്രദേശത്തും മഴ തുടരുന്നുണ്ട്. വയനാട് വൈത്തിരിയിലാണ് ഇന്നലെ ഏറ്റവും മഴ പെയ്തത്–10 സെന്റിമീറ്റർ. ഹൊസ്ദുർഗ് ഏഴ്, കുഡ്‌ലു, മാനന്തവാടി, ഇരിക്കൂർ എന്നിവിടങ്ങളിൽ ആറുവീതം സെന്റിമീറ്റർ മഴ പെയ്തു. കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ അഞ്ചു സെന്റിമീറ്റർ മഴയാണ് ഇന്നലെ പെയ്തത്. കുമരകം തെക്കേ മൂലേപ്പാടത്ത് മടവീണ് 240 ഏക്കറിലെ നെൽക്കൃഷി വെള്ളത്തിലായി. കുട്ടനാട്ടിൽ രണ്ടിടത്തു മടവീണു.

മഴ തുടരുമെന്ന് റഡാർ കേന്ദ്രം

കളമശേരി (കൊച്ചി) ∙ അടുത്ത രണ്ടുമൂന്നു ദിവസങ്ങളിൽ മധ്യകേരളത്തിൽ ഒന്നും തെക്കൻ ജില്ലകളിൽ രണ്ടും വടക്കൻ ജില്ലകളിൽ നാലും സെന്റി മീറ്റർ മഴ പ്രതീക്ഷിക്കുന്നതായി കൊച്ചി സർവകലാശാല റഡാർ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിൽ കുറഞ്ഞ താപനില 24 ഡിഗ്രിയും കൂടിയതു 30 ഡിഗ്രിയും സെൽഷ്യസായിരിക്കും.