ജമ്മുവിൽ ‘അജ്ഞാതരുടെ’ ആക്രമണം; പൊലീസുകാരൻ കൊല്ലപ്പെട്ടു, ജവാന് പരുക്ക്

ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ബനിഹൽ ഭാഗത്തുണ്ടായ വെടിവയ്പിൽ പരുക്കേറ്റ ജവാനെ ആശുപത്രിയിലേക്കു മാറ്റുന്നു.

ബനിഹൽ∙ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ബനിഹൽ ഭാഗത്തുണ്ടായ വെടിവയ്പിൽ ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ജവാന് പരുക്കേറ്റിട്ടുണ്ട്. എവിടെ നിന്നാണ് വെടിവയ്പുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. ഭീകരാക്രണ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പൊലീസ് അന്വേഷണം നടക്കുന്നതായും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴേരകാലോടെയായിരുന്നു സംഭവം.

അതിർത്തി രക്ഷാ ചുമതലയുള്ള സശസ്ത്ര സീമാ ബലി(എസ്എസ്ബി)ലെ ഹെഡ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഒരു വെടിയുണ്ടയും കണ്ടെടുത്തു. ജവാന്റെ താടിയെല്ലിനാണു പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മൂർച്ചയേറിയ ആധുധം കൊണ്ടാണ് മുറിവേറ്റിരിക്കുന്നത്.

കൊല്ലപ്പെട്ട കോൺസ്റ്റബിളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് എസ്എസ്പി മോഹൻ ലാൽ അറിയിച്ചു. ഭീകരവാദി ആക്രമണ സാധ്യതയ്ക്കൊപ്പം ആഭ്യന്തരമായുണ്ടായ സംഘർഷമാണോയെന്നും അന്വേഷിക്കുന്നുണ്ട്.

എസ്എസ്ബിയുടെ ഭാഗത്തു നിന്ന് തിരിച്ച് വെടിവയ്പൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ബനിഹലിൽ നിന്ന് ഖ്വാസിഗുണ്ട് വരെയുള്ള ഭൂഗർഭ തുരങ്കത്തിന്റെ നിർമാണത്തിനിടെയാണു സംഭവം. ഈ തുരങ്കത്തിനു സമീപമുള്ള സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്.