യുഎസ് പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി: ഇറാൻ പ്രസിഡന്റ് ഹസന്‍ റുഹാനി

ഹസന്‍ റുഹാനി യുഎൻ പൊതുസഭയിൽ സംസാരിക്കുന്നു.

ന്യൂയോർക്ക്∙ ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രസിഡന്റ് ഹസന്‍ റുഹാനി. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎന്‍ പൊതുസഭയിലായിരുന്നു റൂഹാനിയുടെ പ്രസ്താവന.

യുഎന്‍ പൊതുസഭയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗമാണു പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. അക്രമവും രക്തചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്നും മധ്യേഷ്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ഇറാനാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാനുമായുള്ള ആണവ കരാറിനെയും ട്രംപ് ശക്തമായി അപലപിച്ചിരുന്നു.

ട്രംപിന്റെ ഇൗ വിവാദ പ്രസ്താവനയ്ക്കു മറുപടി നല്‍കിയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തിയത്. ട്രംപിന്റെ നിലപാടു വിദ്വേഷപരമെന്നു റുഹാനി വ്യക്തമാക്കി. 2015ലെ കരാര്‍ അനുസരിച്ചാണ് ഇറാന്‍ മുന്നോട്ടു പോകുന്നത്. വിവാദ പ്രസ്താവനയുടെ പേരില്‍ ഇറാന്‍ ജനതയോടു ട്രംപ് മാപ്പ് പറയണമെന്നും റുഹാനി ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വഷളായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇതിനിടെ, അമേരിക്കയ്ക്കു പിന്തുണയുമായി ഇസ്രയേല്‍ രംഗത്തെത്തി.