Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്‍വർ എംഎൽഎയുടെ പാര്‍ക്കിന് വീണ്ടും അനുമതി നിഷേധിച്ചു

pv-anvar-pvr-entertainment-natural-park പി.വി. അൻവറിന്റെ പാർക്ക്

മലപ്പുറം∙ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലെ പി.വി. അന്‍വർ എംഎൽഎയുടെ പിവിആർ എന്റർടെയ്ന്‍‌മെന്റ് ആൻഡ് നാച്ചുറൽ പാര്‍ക്കിനു വീണ്ടും അനുമതി നിഷേധിച്ചു. നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ചൊവ്വാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്ന് അന്ത്യശാസനവും ബോർഡ് നൽകി.

പാര്‍ക്ക് നിര്‍മാണം ക്രമം വിട്ടെന്നു വിവരാവകാശ രേഖ

നിലമ്പൂരിൽനിന്ന് ഇടതു സ്വതന്ത്രനായി ജയിച്ച ശേഷമാണ് അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമാണം ക്രമവൽക്കരിക്കാൻ അൻവർ നടപടികൾ തുടങ്ങിയത്. സർക്കാർ അധികാരമേറ്റു രണ്ടു മാസം തികയും മുൻപാണു കെട്ടിടം 9,999 രൂപ പിഴയടച്ചു ക്രമവൽക്കരിച്ചത്. അനുമതി കിട്ടും മുൻപു കെട്ടിടം പണി ആരംഭിച്ചതിനാലാണു പിഴയടയ്‌ക്കേണ്ടി വന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കെട്ടിട നിർമാണം നടക്കുമ്പോൾ തന്നെ 50 രൂപ ടിക്കറ്റിൽ സന്ദർശകരെ പ്രവേശിപ്പിച്ചു. 2016 സെപ്‌റ്റംബർ 29നു ലൈസൻസിന് അപേക്ഷിച്ചു. പിഴ ഈടാക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ഒക്‌ടോബർ 24നു തീരുമാനമെടുത്തു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന നിബന്ധനയോടെ പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാന്‍ താൽക്കാലിക ലൈസൻസാണു പഞ്ചായത്ത് അനുവദിച്ചത്. 2016 നവംബർ ഒന്നു മുതൽ മൂന്നു മാസം കാലയളവും നൽകി.

മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ എൻഒസി അടക്കമുള്ള മതിയായ രേഖകളൊന്നും ഇല്ലാതെയും കെട്ടിട നമ്പറോ സ്‌ഥലത്തിന്റെ അതിരോ വിസ്‌തീർണമോ കാണിക്കാതെയുമാണു പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാൻ മാത്രമായി താൽക്കാലിക ലൈസൻസ് അനുവദിച്ചത്. അതു പിന്നീടു പുതുക്കി നൽകി. അനുമതിയില്ലാതെ റസ്‌റ്ററന്റ് പ്രവർത്തിപ്പിച്ചതു പിഴ ഒടുക്കി 2017 ജൂൺ 16നു ക്രമവൽക്കരിച്ചു. നിയമം ലംഘിച്ചു പാർക്കിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചതിന് 5,000 രൂപ വേറെയും പിഴയടച്ചു. അഞ്ചു ലക്ഷം രൂപ ഫീസീടാക്കി പഞ്ചായത്ത് ഭരണസമിതി പാർക്കിന് ഒരു വർഷത്തേക്കു ലൈസൻസ് അനുവദിച്ചതു 2017ജൂൺ 16ന്. ഇപ്പോൾ പഞ്ചായത്ത് അനുമതിയോടെയാണ് ഇവ രണ്ടും പ്രവർത്തിക്കുന്നതെന്നു പഞ്ചായത്ത് സെക്രട്ടറി എൻ. രവീന്ദ്രൻ പറഞ്ഞു. പാർക്കിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നൽകിയ അനുമതിയും പിൻവലിച്ചു.

പാർക്കിനെക്കുറിച്ചും പരാതി ലഭിച്ചപ്പോഴാണു ബോർഡിന്റെ അസി. എൻജിനീയർ സ്ഥലത്തു ചെന്നു പരിശോധിച്ചത്. വ്യവസ്ഥകൾ ലംഘിച്ചാണു പ്രവർത്തിക്കുന്നതെന്നു വ്യക്തമായി. തുടർന്നു 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ബോർഡ് നോട്ടിസ് നൽകി.  

related stories