Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിശബ്ദനായ’ നീളൻ കൊലയാളി; സ്ട്രോകളെ നാം എന്തുകൊണ്ട് ഭയക്കണം? (Infographic)

123051866

മൂന്നു ദശാബ്ദം കൂടി കഴിയുന്നതോടെ ലോകത്തിലെ കടലുകളിൽ മീനുകളേക്കാൾ കൂടുതൽ സ്ട്രോകളായിരിക്കും– കേൾക്കുമ്പോൾ അതിശയോക്തി തോന്നുമെങ്കിലും ഇക്കാര്യത്തില്‍ പരിസ്ഥിതി പ്രവർത്തകർ ഇപ്പോൾത്തന്നെ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. പ്ലാസ്റ്റിക് സഞ്ചികളോ കപ്പുകളോ കുപ്പികളോ പോലെ ഇതുവരെ ‘സ്ട്രോ’ ആരുടെയും കണ്ണിൽപ്പെട്ടിരുന്നില്ല. അതിനാൽത്തന്നെ അവ റീസൈക്കിൾ ചെയ്യുന്നതും വളരെ കുറവ്. സ്വാഭാവികമായും ഈ സ്ട്രോകളെല്ലാം ചെന്നത്തുന്നത് ഒന്നുകിൽ നിലം നികത്തുന്നതിലേക്ക് അല്ലെങ്കിൽ കടലിലേക്കും മറ്റു ജലാശയങ്ങളിലേക്കും.

കടലിനെ മലിനമാക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഒന്ന് സ്ട്രോയ്ക്കാണ്. പെട്രോളിയം ഉപോൽപന്നമായ പോളിപ്രൊപ്പിലീനിൽനിന്നാണ് സ്ട്രോ നിർമിക്കുന്നത്. മിനിറ്റുകൾക്കകം ഒരു സ്ട്രോ നിർമിക്കാം. ഉപയോഗിക്കുന്നതാകട്ടെ ശരാശരി 20 മിനിറ്റ് നേരത്തേക്കു മാത്രം. പിന്നീട് ഇവ ഉപേക്ഷിക്കുകയാണു പതിവ്. പുനരുപയോഗിക്കാവുന്ന സ്ട്രോകൾ നിർമിക്കുന്നത് വളരെ കുറവാണ്. പ്രകൃതി സൗഹാർദ സ്ട്രോകളും തീരെ കുറവ്.

മറ്റു പ്ലാസ്റ്റിക്കുകളെപ്പോലെത്തന്നെ അനേകം വർഷങ്ങൾ വേണം ഒരു സ്ട്രോ പൊടിഞ്ഞ് ഇല്ലാതാകാൻ. പ്ലാസ്റ്റിക് വിഴുങ്ങി പ്രതിവർഷം കൊല്ലപ്പെടുന്നത് 10 ലക്ഷം ക‍ടൽപ്പക്ഷികളാണ്. ഒരു ലക്ഷം കടൽജീവികളും കൊല്ലപ്പെടുന്നു. ഇവയിൽ നല്ലൊരു പങ്കും സ്ട്രോ വഴിയാണ്. കോസ്റ്ററിക്കൻ തീരത്തു കണ്ടെത്തിയ ഒരു കടലാമയുടെ മൂക്കിൽ കുടുങ്ങിയ സ്ട്രോ പുറത്തെടുക്കുന്നതിന്റെ വിഡിയോ ലോകം ഞെട്ടലോടെയാണു കണ്ടത്. ഒരു കോടിയിലേറെപ്പേർ യൂട്യൂബിൽ കണ്ട ആ വിഡിയോ ഇപ്പോൾ സ്ട്രോയ്ക്കെതിരെയുള്ള ക്യാംപെയ്നുകളിൽ പലതിലും വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്.

1930കളിൽ ആരംഭിച്ച് ഇന്നു ലോകത്തിൽ ഒഴിച്ചുകൂടാനാകാത്ത പ്ലാസ്റ്റിക് വസ്തുക്കളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്ട്രോകൾ. പല രാജ്യങ്ങളും പുനരുപയോഗിക്കാനാകാത്ത സ്ട്രോ നിരോധിച്ചു കഴിഞ്ഞു. ചിലയിടങ്ങളിൽ അവയ്ക്കുള്ള നികുതി കൂട്ടി, മറ്റിടങ്ങളിൽ പരിസ്ഥിതി സംഘടനകൾ ഇടപെട്ടു സ്ട്രോയ്ക്കുള്ള ബദൽ വസ്തുക്കൾ വിപണിയിലെത്തിക്കുന്നു.

ഇന്ത്യയിൽ യുജിസിക്കു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ട്രോകളും പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും പ്ലേറ്റുകളും ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സ്ട്രോകളുടെ ഇറക്കുമതി അധികമായതോടെ ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന് യൂറോപ്യൻ യൂണിയനു മേൽ ഉൾപ്പെടെ ശക്തമായ സമ്മർദ്ദം ആരംഭിച്ചിട്ടുണ്ട്. റസ്റ്ററന്റ് – ഫാസ്റ്റ് ഫുഡ് ശൃംഖലകൾക്കു മേലും സ്ട്രോയ്ക്കു നിയന്ത്രണമേർപ്പെടുത്താൻ സമ്മർദമുണ്ട്.

യൂറോപ്പിലെ ബീച്ചുകളിലും മറ്റു ജലാശയങ്ങളിലും കണ്ടെത്തിയ പത്ത് പ്ലാസ്റ്റിക് വസ്തുക്കൾക്കു നിരോധനമേർപ്പെടുത്താൻ യൂറോപ്യൻ കമ്മിഷൻ പുതിയ നിയമങ്ങളും മുന്നോട്ടുവച്ചു കഴിഞ്ഞു. മലിനീകരണമുണ്ടാക്കുന്ന ഈ 10 വസ്തുക്കളിൽ ഒന്ന് പ്ലാസ്റ്റിക് സ്ട്രോയാണ്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ തായ്‌വാൻ 2030ഓടെ സ്ട്രോ ഉൾപ്പെടെയുള്ള ‘സിംഗിൾ യൂസ് പ്ലാസ്റ്റിക്’ രാജ്യത്തു നിരോധിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.

കാനഡയിലെ വാൻകൂവർ അധികം വൈകാതെ തന്നെ പ്ലാസ്റ്റിക് സ്ട്രോ പൂർണമായും നിരോധിച്ച നഗരമായി മാറും. അലാസ്ക എയർലൈൻസും പ്ലാസ്റ്റിക്കിനു പകരം ‘ജൈവ സ്ട്രോകൾ’ നിർമിക്കുന്നതിന് തുടക്കമിടുകയാണ്. തങ്ങളുടെ റസ്റ്ററന്റുകളിൽ പേപ്പർ സ്ട്രോകൾ കൊണ്ടുവരുന്നതിനെപ്പറ്റി മക്ഡൊണാൾഡ്സും ആലോചന തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടനിൽ പ്ലാസ്റ്റിക് സ്ട്രോകൾക്ക് അധികം വൈകാതെ നിരോധനം വരുമെന്ന സൂചനകൾക്കിടെയാണിത്.