സംഘർഷത്തിനിടെ ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയയുടെ ‘ഒരുകൈ’ സഹായം

സോൾ ∙ കൊറിയൻ മുനമ്പിനെ അപകട മുനമ്പാക്കി യുദ്ധഭീഷണി സജീവമായി നിലനിൽക്കെ, ഉത്തരകൊറിയയ്ക്ക് എട്ടു മില്യൻ ഡോളറിന്റെ സഹായം നൽകാൻ ദക്ഷിണകൊറിയയുടെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കുരയ്ക്കുന്ന നായ’യോട് ഉപമിച്ച ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സ്ഥിതിഗതികള്‍ കൂടുതൽ വഷളാക്കിയതിനു പിന്നാലെയാണ് ഉത്തരകൊറിയയ്ക്ക് എട്ടു മില്യൻ ഡോളറിന്റെ സഹായം നൽകാൻ ദക്ഷിണകൊറിയൻ ഭരണകൂടം അനുമതി നൽകിയത്.

ഉത്തരകൊറിയയിലെ പിഞ്ചുകുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള മാനുഷിക പദ്ധതികൾക്കാണ് ദക്ഷിണകൊറിയ സഹായം നൽകുന്നത്. അതേസമയം, തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെയും ഹൈഡ്രൈജൻ ബോംബ് ഉൾപ്പെടെയുള്ള വൻകിട അണുപരീക്ഷണങ്ങളിലൂടെയും ലോകസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഉത്തരകൊറിയയെ സാമ്പ‍ത്തിക, നയതന്ത്ര ഉപരോധങ്ങളിലൂടെ വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണകൊറിയയുടെ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

തുടർച്ചയായ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരകൊറിയയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യുഎൻ രക്ഷാസമിതി അടുത്തിടെ തീരുമാനിച്ചിരുന്നു. ഉത്തരകൊറിയയ്ക്കെതിരായ യുഎസിന്റെ നീക്കങ്ങളിൽ ശക്തമായ പിന്തുണയുമായി കൂടെ നിൽക്കുന്ന രാജ്യം കൂടിയാണ് ദക്ഷിണകൊറിയ. അതേസമയം, മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും തർക്കങ്ങളും ഇത്തരം പദ്ധതികളെ ബാധിക്കരുതെന്ന നിലപാടിലാണ് വിദേശകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദക്ഷിണകൊറിയയിലെ ഏകീകരണ മന്ത്രാലയത്തിന്റേത്. മാത്രമല്ല, ഈ സഹായം പണമായല്ല നൽകുന്നത് എന്നതിനാൽ പദ്ധതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത അശേഷമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

യുഎസിനെയും സഖ്യരാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതു തുടർന്നാൽ ഉത്തരകൊറിയയെ സമൂലം നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് ‘കുരയ്ക്കുന്ന നായ’ പ്രയോഗവുമായി അവരുടെ വിദേശകാര്യമന്ത്രി പ്രസ്താവന നടത്തിയത്. അതിനിടെ, കൊറിയൻ മുനമ്പിലെ സ്ഥിതിഗതികൾ അനുദിനം വഷളാകുകയാണെന്നും കാര്യങ്ങൾ കൈവിട്ടുപോകാൻ അനുവദിക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.