മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണം പൂര്‍ണമായും കൈമാറണം: ദേവസ്വം ബോര്‍ഡ്

കോഴിക്കോട്∙ സാമൂതിരി രാജകുടുംബം ഉള്‍പ്പെടെയുള്ള ക്ഷേത്രം ഊരാളന്മാര്‍ക്കെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡ്. ഇവര്‍ ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാണെന്നു ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു ആരോപിച്ചു. ക്ഷേത്രഭരണം പൂര്‍ണമായും ബോര്‍ഡിനു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ട്രസ്റ്റി ഭരണത്തില്‍ ക്ഷേത്രങ്ങളിലെ ധനവിനിയോഗത്തില്‍ ക്രമക്കേടുണ്ട്. നിയമന കാര്യത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടക്കുകയാണ്. തിരുവിതാംകൂറിനും കൊച്ചിക്കും സമാനമായ മലബാര്‍ ദേവസ്വം ബോര്‍ഡിലും ട്രസ്റ്റിമാര്‍ക്ക് ആചാരപരമായ അധികാരംമാത്രം നിലനിര്‍ത്തിയാല്‍ മതി. സിപിഎമ്മുകാര്‍ വിട്ടുനില്‍ക്കുന്നതു കൊണ്ടാണ് ആര്‍എസ്എസുകാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നത്. ഇവര്‍ യഥാര്‍ഥ വിശ്വാസികള്‍ അല്ലെന്നും അദേഹം പറഞ്ഞു.

സാമൂതിരി, വള്ളുവക്കോനാതിരി, ചിറക്കല്‍ രാജകുടുംബങ്ങളുടെ അധികാരത്തിലുള്ള പ്രമുഖ ക്ഷേത്രങ്ങളുടെ നടത്തിപ്പ് അവകാശത്തിനായി ബോര്‍ഡ് വര്‍ഷങ്ങളായി ശ്രമം തുടരുകയാണ്. ട്രസ്റ്റിമാരുടെ അധികാരം നിയന്ത്രിക്കണം എന്നാവശ്യപ്പെടുന്ന ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ബിജെപിയില്‍നിന്നു സിപിഎമ്മിെലത്തിയ ഒ.കെ.വാസു കഴിഞ്ഞദിവസമാണ് ബോര്‍ഡ് പ്രസി‍ഡന്റായി ചുമതലയേറ്റത്.