Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വർഷത്തെ ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഹിന്ദിച്ചിത്രം ‘ന്യൂട്ടൻ’

Newton

മുംബൈ ∙ ഇത്തവണത്തെ ഓസ്കറിൽ മികച്ച വിദേശ ചിത്രത്തിനായുള്ള മൽസരത്തിൽ അമിത് വി. മസൂർകർ സംവിധാനം ചെയ്ത ഹിന്ദി സിനിമ ‘ന്യൂട്ടൻ’ ഇന്ത്യയെ പ്രതിനിധീകരിക്കും. രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന നിലയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം സെപ്റ്റംബർ 22നാണ് റിലീസ് ചെയ്തത്. ഈ വർഷത്തെ ഓസ്കറിൽ ന്യൂട്ടൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിവരം ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. 90–ാം പതിപ്പിലേക്കു കടക്കുന്ന ഓസ്കർ പുരസ്കാരദാനം 2018 മാർച്ചിലാണ് നടക്കുക.

ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ശ്രമിക്കുന്ന ന്യൂട്ടൻ കുമാർ എന്ന പ്രിസൈഡിങ് ഓഫിസറുടെ കഥ പറയുന്ന ചിത്രമാണ് ന്യൂട്ടൻ. ഈ ലക്ഷ്യം സാധ്യമാക്കുന്നതിന് പ്രതികൂല സാഹചര്യങ്ങളോടും നക്സൽ ഭീഷണിയോടും പടവെട്ടുന്ന ന്യൂട്ടൻ കുമാറിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ബോളിവുഡ് താരം രാജ്കുമാർ റാവുവാണ്.

ദൃശ്യം ഫിലിംസ് നിർമിച്ചിരിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഈറോസ് എന്റർടെയ്ൻമെന്റാണ്. രാജ്കുമാർ റാവുവിനു പുറമെ പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബീർ യാദവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബെർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ,  ട്രിബേക്ക ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

26 ചിത്രങ്ങളുടെ പട്ടികയിൽനിന്നാണ് ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ന്യൂട്ടൻ തിരഞ്ഞെടുക്കപ്പെട്ടത്. വിഖ്യാത ചലച്ചിത്രകാരൻമാരായ റൂബൻ ഓസ്റ്റ്ലണ്ടിന്റെ ‘ദ സ്ക്വയർ’, ഫത്തീ ആകിൻസിന്റെ ‘ഇൻ ദി ഫെയ്ഡ് ഫ്രം ജർമനി’, ഏഞ്ചലീനാ ജോളിയുടെ ‘ഫസ്റ്റ് ദെയ് കിൽഡ് മൈ ഫാദർ ഫ്രം കംബോഡിയ’ തുടങ്ങിയ ചിത്രങ്ങളോടാണ് ‘ന്യൂട്ടൻ’ മൽസരിക്കുക.