Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്കറിൽ ഇനി ജനപ്രിയ സിനിമാപുരസ്കാരവും; ഓസ്കർ നിശ മൂന്നുമണിക്കൂറാക്കി

oscar-award

ലൊസാഞ്ചൽസ്∙ ഈ വർഷം മുതൽ ഓസ്കറിൽ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരവും നൽകും. ഓസ്കർനിശ മൂന്നു മണിക്കൂറായി ചുരുക്കുമെന്നും അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആൻഡ് സയൻസസ് അറിയിച്ചു. ബോക്‌സ് ഓഫിസ് വിജയങ്ങൾ നേടിയ സ്റ്റാർ വാർസ്, വണ്ടർ വുമൺ പോലുള്ള വിപണിമൂല്യമുള്ള സിനിമകളെ തള്ളി മൂൺ‌ലൈറ്റ്, ദ് ഷെയ്പ് ഓഫ് വാട്ടർ പോലെ കലാമൂല്യമുള്ള ചിത്രങ്ങൾക്കാണു സമീപവർഷങ്ങളിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നൽകിയത്.

ഈ വർഷത്തെ സൂപ്പർഹിറ്റായ ‘ബ്ലാക് പാന്തറി’നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നൽകണമെന്ന വാദമുയർന്ന സാഹചര്യത്തിലാണു ജനപ്രിയ സിനിമ എന്ന പുതിയ വിഭാഗം കൂടി ഏർപ്പെടുത്തുന്നത്. നിലവിൽ നാലു മണിക്കൂർ തൽസമയ സംപ്രേഷണമാണു ഓസ്കർ പുരസ്കാരവിതരണം. അതു മൂന്നു മണിക്കൂറാക്കാൻ 24 അവാർഡുകൾ പരസ്യ ഇടവേളകളിൽ വിതരണം ചെയ്യുമെന്ന് അക്കാദമി അറിയിച്ചു. അതേസമയം, ജനപ്രിയ സിനിമയ്ക്കു പ്രത്യേക പുരസ്കാരം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.