നൂറു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നാൽ മൽസരിക്കും: കമൽ

ചെന്നൈ∙ അടുത്ത നൂറു ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു നടന്നാൽ മൽസരരംഗത്തു താനും ഉണ്ടാകുമെന്നു സൂചന നൽകി നടൻ കമൽഹാസൻ. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണു കമൽഹാസൻ നിലപാടു വ്യക്തമാക്കിയത്. അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളിൽ താൽപര്യമില്ല. നിർബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെൺകുട്ടിയുടെ അവസ്ഥയിലാണു തമിഴ്നാട്ടിലെ ജനങ്ങൾ. അവർക്ക് അതിൽനിന്നു പുറത്തുകടക്കണമെന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടന്നാൽ താൻ മൽസരിക്കും – കമൽഹാസൻ പറയുന്നു.

നിലവിലെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ പാർട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാൽ രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കുന്നതിനാണു താൽപര്യമെന്നു തുറന്നുപറ‍ഞ്ഞ കമൽഹാസൻ, താൻ രജിനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമാക്കി.

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായ അവസരത്തിലാണു രാഷ്ട്രീയ നിലപാടു വ്യക്തമാക്കി കമൽഹാസനും രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ചെന്നൈയിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളുമായും കമൽഹാസൻ ചർച്ച നടത്തി. എന്നാൽ പാർട്ടിയിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചതായാണു സൂചന. മഹാരാഷ്ട്രയിൽ ഒൻപതു ദിവസം നീണ്ട വിപസ്സന ധ്യാനത്തിനുശേഷമാണു കേജ്‌രിവാൾ ചെന്നൈയിലെത്തിയത്.