ലോട്ടറിയടിക്കാനൊരു ‘നമ്പരുണ്ട്’; പാലക്കാട്, തൃശൂർ ജില്ലകൾക്കു ‘മുൻഗണന’

കോട്ടയം∙ ലോട്ടറിയടിക്കാനും നമ്പരോ? ഉണ്ട്. അങ്ങനെയും ഒരു നമ്പരുണ്ട്. ഒന്നല്ല, ഒരുപിടി നമ്പരുകളുണ്ട്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റിന്റെയും ഏറ്റവും വിലമതിപ്പുള്ള സമ്മാനത്തിന്റെയും നറുക്കെടുപ്പു വാർത്തകൾ തരംഗം സൃഷ്ടിക്കുന്നതിനിടെയാണു ഭാഗ്യാന്വേഷികളുടെ ശ്രദ്ധ കവർന്ന് അത്തരം ചില ‘നമ്പരുകൾ’ ശ്രദ്ധ നേടുന്നത്. 

10 കോടി രൂപ ഒന്നാം സമ്മാനവുമായെത്തിയ തിരുവോണം ബംപറിന്റെ നറുക്കെടുപ്പു കഴിഞ്ഞതോടെ ഇത്തരം നമ്പരുകൾക്കായി നെട്ടോട്ടമാണ്. ഒന്നാം സമ്മാനമായി 10 കോടി രൂപ പ്രഖ്യാപിച്ചതുമുതൽ സ്വപ്ന പല്ലക്കിലേറി നടന്നിരുന്ന ഭാഗ്യാന്വേഷികൾ നറുക്കെടുപ്പു ഫലം പുറത്തുവന്നതോടെ തൽക്കാലത്തേക്കു നിലത്തിറങ്ങിക്കഴിഞ്ഞു. നാലരക്കോടിയുടെ പൂജാ ബംപർ പ്രഖ്യാപിച്ചതോടെ ഈ ഭാഗ്യാന്വേഷികളെല്ലാം ഇപ്പോൾ പുതിയൊരു അന്വേഷണത്തിലാണ്: സത്യത്തിൽ ഈ ഭാഗ്യം വരുന്ന വഴി ഏതാണ്?

ഭാഗ്യ നമ്പരും ലക്കി ജില്ലകളും

‘നാളെയാണ് നാളെ’ എന്ന ലോട്ടറിക്കാരന്റെ പതിവു പല്ലവിപോലെ ‘നാളെ നാളെ നീളെ നീളെ’ എന്ന തരത്തിൽ ഭാഗ്യം അകന്നു നിൽക്കുന്നവർക്കു പരീക്ഷിക്കാൻ ചില ‘ലോട്ടറി പൊടിക്കൈ’കള്‍ പങ്കുവയ്ക്കുകയാണ് ഒരു സ്വതന്ത്ര അനലിറ്റിക്കൽ സൈറ്റ്. ഭാഗ്യം വരുന്ന ഈ വഴി ജില്ലാടിസ്ഥാനത്തിൽ വേണ്ടവർക്ക് അങ്ങനെയും നമ്പർ തിരിച്ചു വേണ്ടവർക്ക് അതനുസരിച്ചും ലഭ്യമാണെന്നതാണ് ഈ പൊടിക്കൈയുടെ പ്രത്യേകത.

ഈ അവലോകന റിപ്പോർട്ട് അനുസരിച്ച് ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സമ്മാനങ്ങൾ ഏറ്റവുമധികം അടിച്ചിട്ടുള്ളത് പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾക്കാണ്. 2012 ജൂൺ മുതൽ ഇതുവരെ ഏതാണ്ട് 2,143 തവണയാണു പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾ ലക്ഷാധിപതികളെ സൃഷ്ടിച്ചിട്ടുള്ളത്.

2,042 ലക്ഷാധിപതികളെ സൃഷ്ടിച്ച തൃശൂർ ജില്ലയാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്. അതായത്, അയൽജില്ലകളായ പാലക്കാടും തൃശൂരുമായി ഏതാണ്ട് 4,185 ലക്ഷാധിപതികളാണ് ഇക്കാലയളവിൽ ഉണ്ടായത്. ഭാഗ്യം ചുറ്റിക്കറങ്ങുന്ന മേഖലയേതെന്നു പ്രത്യേകം പറയേണ്ടല്ലോ! 1,819 ലക്ഷാധിപതികളെ സൃഷ്ടിച്ചു കോട്ടയം ജില്ല മൂന്നാമതുണ്ട്. ഏതാണ്ട് 290 ലക്ഷാധിപതികൾക്കു മാത്രം ജന്മം നൽകിയ കാസർകോട് ജില്ലയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ.

ഒരു കോടിക്കു മുകളിലുള്ള സമ്മാനങ്ങളും ഏറ്റവും കൂടുതൽ പോകുന്നതും പാലക്കാട് ജില്ലയിലേക്കു തന്നെ. ഇക്കാലയളവിൽ (2012 ജൂൺ മുതൽ) എട്ടു പേരെയാണു പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾ കോടിപതികളാക്കിയത്. ആറു കോടിപതികളെ സൃഷ്ടിച്ചു തിരുവനന്തപുരം രണ്ടാമതും നാലു കോടിപതികളുമായി തൃശൂർ മൂന്നാമതുമുണ്ട്. ഓരോ കോടിപതികളെ മാത്രം സൃഷ്ടിച്ച കണ്ണൂർ, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, ഇടുക്കി ജില്ലകൾ ഭാഗ്യാന്വേഷികൾക്ക് അത്ര ശുഭകരമല്ലെന്നാണ് ഈ അവലോകന റിപ്പോർട്ട് നൽകുന്ന സൂചന.

ഇനി നമ്പർ അടിസ്ഥാനത്തിൽ ഭാഗ്യം വരുന്ന വഴി അറിയേണ്ടവർക്ക് അതിനും അവസരമുണ്ട്. ഏറ്റവുമധികം സമ്മാനം ലഭിച്ചിട്ടുള്ള നാലക്കങ്ങൾ 0229 ആണ്. ഈ നമ്പറിൽ അവസാനിക്കുന്ന ടിക്കറ്റെടുത്ത 53 പേരെയാണ് ഭാഗ്യം കടാക്ഷിച്ചിട്ടുള്ളത്. 3560 എന്ന നമ്പർ എടുത്തവരിൽ 52 പേരെയും 2199 എന്ന നമ്പരിൽ അവസാനിക്കുന്ന ടിക്കറ്റ് സ്വന്തമാക്കിയ 51 പേരെയും ഭാഗ്യം കടാക്ഷിച്ചു. 3681, 7710 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റ് എടുത്തവരിൽ 11 പേർക്കേ സമ്മാനം ലഭിച്ചിട്ടുള്ളൂ.