Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം ബംപർ ലോട്ടറി ഇതാ നാളെ മുതൽ; ഭാഗ്യവാന് 10 കോടി

onam-bumper ഓണം ബംപർ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക അതേപടി നിലനിർത്തി ഓണം ബംപർ ലോട്ടറിയും. കഴിഞ്ഞ വർഷം സുവർണ ജൂബിലി പ്രമാണിച്ച് 10 കോടിയുടെ ഒന്നാം സമ്മാനമാണു പ്രഖ്യാപിച്ചിരുന്നത്. ഇക്കുറിയും അതേ സമ്മാനത്തുക നിലനിർത്താനാണു ലോട്ടറി വകുപ്പിന്റെ തീരുമാനം. നാളെ ടിക്കറ്റ് പുറത്തിറക്കും. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപർ‌ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിക്കുന്നത്. ടിക്കറ്റ് വില 250 രൂപ. വിൽപന വഴി 200 കോടി രൂപ പിരിച്ചെടുക്കുകയാണു വകുപ്പിന്റെ ലക്ഷ്യം.

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാൾക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങൾ. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടിവരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഇൗ ഒറ്റ ലോട്ടറിയുടെ നറുക്കെടുപ്പു വഴി മാത്രം സർക്കാരിനു ലാഭം 130 കോടി രൂപയാണ്.

സെപ്റ്റംബർ 18ന് ആണു നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും വിൽപന കുതിച്ചുയർന്നാൽ പതിവുപോലെ കൂടുതൽ ടിക്കറ്റ് അച്ചടിച്ചു തീയതി നീട്ടും. ലോട്ടറി വിൽപനക്കാരുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിച്ചു. പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, നിർമൽ എന്നീ ടിക്കറ്റുകളിൽ 9720 പേർക്കാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചിരുന്നത്. ഇനി ഇത് 10,800 പേർക്കു ലഭിക്കും. കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറികളിൽ 10,800 പേർക്ക് 5000 രൂപ ലഭിച്ചിരുന്നത് ഇനി 12,600 പേർക്കു കിട്ടും.