ഒത്താൽ കോടീശ്വരൻ, പോയാലൊരു വാക്ക്; ഭാഗ്യം വരുന്ന വഴികളേ...

തിരുവനന്തപുരം∙ അടിച്ചുമോളെ.. കിലുക്കം സിനിമയിലെ കിട്ടുണ്ണിച്ചേട്ടനെ ഓർക്കുന്നില്ലേ. കൈയ്യിലേക്കെത്തുന്ന ലക്ഷങ്ങളെയോർത്ത് ബോധം പോകുന്നയാൾ. കിട്ടുണ്ണിയെ പോലെയുള്ളവർ സിനിമയിൽ മാത്രമല്ല, പറയുന്നത് കേരള ലോട്ടറി വകുപ്പ്. 

അക്കങ്ങളിൽ ചെറിയ വ്യത്യാസം വരുമ്പോൾ ലക്ഷങ്ങൾ കൈവിട്ടുപോകുന്നവരും സമ്മാനം നേടിയ ടിക്കറ്റ് കാണാതാകുന്നവരും ഒരുമിച്ച് ടിക്കറ്റെടുത്ത് ഒന്നാം സമ്മാനം കിട്ടുമ്പോൾ പണത്തിനായി തർക്കിക്കുന്നവരുമെല്ലാം എത്തുന്നത് പിഎംജി ജംക്‌ഷനിൽ സ്ഥിതിചെയ്യുന്ന വികാസ് ഭവനിലെ കേരള ലോട്ടറി വകുപ്പിന്റെ സമ്മാന വിഭാഗത്തിലേക്കാണ്. ‘കിട്ടിയാൽ ലക്ഷം പോയാലൊരു വാക്ക്’ ഈ മനോഭാവത്തോടെ യാതൊരു ബന്ധവുമില്ലാത്ത ടിക്കറ്റുമായി ഓഫിസിലെത്തി തർക്കിക്കുന്നവരും കുറവല്ല. ജീവനക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ‘അനുഭവങ്ങളുടെ ലോട്ടറിയടിച്ചാണ്’ ഓരോ ദിവസവും കടന്നു പോകുന്നത്.

∙ എനിക്കും വേണം സമ്മാനം

ഏതെങ്കിലും ലോട്ടറിക്ക് സമ്മാനം പ്രഖ്യാപിച്ചാൽ പിറ്റേദിവസം മുതൽ നേരിട്ടും കത്തിലൂടെയും ഫോൺവഴിയും പരാതികൾ എത്തിത്തുടങ്ങും. ‘ഒന്നാം സമ്മാനം കിട്ടിയ എന്റെ ടിക്കറ്റ് മോഷണംപോയി’ ഈ പരാതിയാണ് ഇപ്പോൾ മുന്നിൽ. മാധ്യമങ്ങളിൽ ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റിന്റെ പേര് ഉള്ളതിനാൽ ആ നമ്പർ തന്നെ പരാതിക്കാരും പറയും. 

ലോട്ടറി വകുപ്പിൽ ലഭിക്കുന്ന പരാതി കത്തുകളിൽ ചിലതിൽ സങ്കടക്കടലായിരിക്കും. മറ്റു ചിലതിൽ ലോട്ടറി ‘തട്ടിയെടുത്ത’ ബന്ധുക്കളെയും കൂട്ടുകാരെയും കുറിച്ചുള്ള വിശാലമായ വിവരണങ്ങൾ. ‘അവനെന്നെ ചതിച്ചു’, ‘സ്വന്തം സഹോദരനെപോലെയാണ് കണ്ടത് എന്നിട്ടും..’ ഇത്തരം പ്രയോഗങ്ങൾ ആവശ്യത്തിലധികമുണ്ടാകും. ടിക്കറ്റ് നേരിട്ട് ഹാജരാക്കാൻ സമ്മാന വിഭാഗം ആവശ്യപ്പെടും. കാരണം യഥാർഥ ടിക്കറ്റിനു പിന്നിൽ പേരും മേൽവിലാസവുമെഴുതി ഒപ്പിട്ടു നൽകുന്നവർക്കാണ് സമ്മാനം നിമയപരമായി നൽകാനാകുക. ലോട്ടറി മോഹികൾ അപ്പോൾ മറ്റ് അടവുകൾ പുറത്തെടുക്കും. 

ലോട്ടറി നഷ്ടപ്പെട്ടതായി കാട്ടി പൊലീസിൽ പരാതി നൽകും. കോടതിയിൽ കേസായാൽ യഥാർഥ അവകാശിക്കു സമ്മാനത്തുക നൽകാൻ വകുപ്പിനു കഴിയില്ല. കേസ് നീളുന്നതോടെ ലോട്ടറിയുടെ യഥാർഥ ഉടമ വ്യാജൻമാരുമായി വിലപേശി പണം നൽകി ഒത്തുതീർപ്പിലെത്തുന്ന സംഭവങ്ങൾ നിരവധിയാണെന്നു ലോട്ടറിവകുപ്പ്. സാധാരണ ലോട്ടറികളിലാണ് ഇത്തരം സംഭവങ്ങൾ ഏറെയും. ബംപർ ലോട്ടറികളിൽ ഇതുവരെ ഈ പ്രശ്നം ഉണ്ടായിട്ടില്ല. 

‘അവൻ തട്ടിപ്പുകാരനാണ്, അവന് സമ്മാനം കൊടുക്കരുതേ’– ഇങ്ങനെയും കത്തുകൾ സമ്മാനവിഭാഗത്തിലേക്കെത്തും. വായിച്ചു രസിച്ച് ഉദ്യോഗസ്ഥർ ചവറ്റുകുട്ടയിലേക്ക് തള്ളും.

∙ ലോട്ടറി അടിച്ചപ്പോൾ ബന്ധുക്കൾ ശത്രുക്കൾ

വർഷങ്ങൾക്ക് മുൻപാണ്.. ലോട്ടറി ടിക്കറ്റിനായി അവകാശവാദമുന്നയിച്ച് ഒരു പരാതി വകുപ്പിനു മുന്നിലെത്തി. സഹോദരിമാരാണ്. യാത്രക്കിടെ ഇരുവരും ചേർന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചു. അതോടെ തർക്കമായി. കേസ് കോടതിയിലെത്തി, ബന്ധത്തിനു വിലയില്ലാതായി. കോടതി കയറിയിറങ്ങി മടുത്തപ്പോൾ ഇരുവരും സമ്മാനത്തുക വീതംവച്ച് പിരിഞ്ഞു. സുഹൃത്തുക്കൾ വിഹിതം നൽകി എടുക്കുന്ന ടിക്കറ്റുകൾ സംബന്ധിച്ചും തർക്കം വരാറുണ്ടായിരുന്നതായി ലോട്ടറി വകുപ്പ് പറയുന്നു. ഇപ്പോൾ അത്തരം തർക്കങ്ങൾ കുറവാണ്.

∙ വാഴുന്നവരും വീഴുന്നവരും ഏറെ

ലോട്ടറി അടിക്കുന്നവരിൽ ഏറെ പേർക്കും ആ പണം നിലനിർത്താൻ കഴിയാറില്ലെന്നു ലോട്ടറി വകുപ്പ് പറയുന്നു. സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണ് കാരണം. പെട്ടെന്നു വലിയൊരു തുക കൈയ്യിൽ കിട്ടുമ്പോൾ പലർക്കും എന്തു ചെയ്യണമെന്ന ധാരണയുണ്ടാകില്ല. നിക്ഷേപങ്ങളിലും ബിസിനസിലും പണം മുടക്കി എല്ലാം നഷ്ടപ്പെടുത്തിയവരുണ്ട്. ലോട്ടറി വകുപ്പ് ഇതിനെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടുണ്ട്. 

ഒരു കാര്യം ലോട്ടറി ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നു – സാധാരണക്കാർക്കാണ് കൂടുതലായും ലോട്ടറി അടിക്കുന്നത്. 1967ൽ പി.കെ. കുഞ്ഞുസാഹിബ് ധനകാര്യമന്ത്രിയായിരിക്കുമ്പോഴാണ് ലോട്ടറി വകുപ്പ് ആരംഭിക്കുന്നത്. അൻപതു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ വിപുലമായ പരിപാടികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്. സമ്മാനം കിട്ടിയവരെ വിളിച്ചുചേർത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ജോലികൾ പുരോഗമിക്കുന്നു.

∙ സമ്മാനം വാങ്ങാനാളില്ല

2016–17 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 105.57 കോടി രൂപയാണ് അവകാശികളില്ലാതെ ലോട്ടറിവകുപ്പിലുള്ളത്. ലോട്ടറി എടുത്തശേഷം ഫലപ്രഖ്യാപനം ശ്രദ്ധിക്കാത്തവരും ലോട്ടറി നഷ്ടപ്പെടുത്തിയവരുമെല്ലാം ഈ കൂട്ടത്തിലുണ്ടാകാം.

∙ ലോട്ടറി അടിച്ചാൽ എങ്ങനെ സമ്മാനം വാങ്ങും

ലോട്ടറി അടിച്ചാൽ ബാങ്കിലോ, ലോട്ടറി വകുപ്പിന്റെ ഓഫിസിലോ ടിക്കറ്റ് കൈമാറാം. പാൻകാർഡ്, തിരിച്ചറിയൽ രേഖകൾ, ബാങ്ക് പാസ് ബുക്കിന്റെ വിരങ്ങൾ അടക്കം കൈമാറണം. ഒരു ലക്ഷം വരെയുള്ള സമ്മാനത്തുക ജില്ലാ ഓഫിസുകളിൽനിന്ന് നൽകാം. അതിനു മുകളിലുള്ള തുക നൽകാൻ ലോട്ടറി ഡയറക്ടർക്കാണ് അധികാരം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമം. ചില പ്രത്യേക സാഹചര്യങ്ങളിൽ 90 ദിവസംവരെ ഇളവ് അനുവദിക്കാൻ ഡയറക്ടർക്ക് അധികാരമുണ്ട്. ടിക്കറ്റ് ഹാജരാക്കി 30 ദിവസത്തിനുള്ളിൽ നികുതി ഈടാക്കിയശേഷമുള്ള സമ്മാനം ബാങ്ക് അക്കൗണ്ടിലേക്കെത്തും.