തോമസ് ചാണ്ടി തുടരണോയെന്നു തീരുമാനിക്കേണ്ടത് പ്രമാണിമാർ: വിഎസ്

തിരുവനന്തപുരം∙ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയാവശ്യത്തിൽ പ്രതികരണവുമായി ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. തോമസ് ചാണ്ടി തുടരണോ എന്നു തീരുമാനിക്കേണ്ടതു പ്രമാണിമാരാണ്. കയ്യേറ്റം അദ്ദേഹത്തെ കൊണ്ടുനടക്കുന്നവര്‍ക്കു ഭൂഷണമായി തോന്നാം എന്നും വിഎസ് പറഞ്ഞു.

ലേക്ക് പാലസ് റിസോർട്ട് നിർമാണത്തിൽ കായൽ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന് ആലപ്പുഴ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പിന്നാലെ തോമസ് ചാണ്ടിയുടെ രാജിക്കുവേണ്ടിയുള്ള മുറവിളിയും ഉയർന്നു. എന്നാൽ ഇതു സംബന്ധിച്ചു വ്യക്തമായ ഒരു തീരുമാനം പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായിട്ടില്ല. രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് തോമസ് ചാണ്ടിയും അറിയിച്ചു. മന്ത്രി ജി.സുധാകരൻ, പി.സി.ജോർജ് എംഎൽഎ തുടങ്ങിയവർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി.

കോടിയേരിയുടെ നിലപാട് അപഹാസ്യം: പി.സി.ജോർജ്

കേരള സർവകലാശാലയുടെ കയ്യേറിയ ഭൂമിയിൽ പണിത എകെജി സെന്ററിലിരുന്നു മന്ത്രി തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അപഹാസ്യമാണെന്നു പി.സി.ജോർജ് എംഎൽഎ. തോമസ് ചാണ്ടി അധികാരസ്ഥാനത്തു തുടരുന്നതെന്തുകൊണ്ടെന്നു ജനങ്ങളോടു പറയാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. തോമസ് ചാണ്ടിയെ മന്ത്രിയാക്കിയത് സിപിഎമ്മാണ്.

അലിൻഡ് ഭൂമി വിഷയത്തിൽ സിപിഐ നിലപാട് വ്യക്തമാക്കണം. ഇക്കാര്യത്തിൽ കാനം രാജേന്ദ്രന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. 5000 കോടിയോളം രൂപയുടെ സ്വത്ത് വിറ്റ് തുലയ്ക്കാനുള്ള ശ്രമത്തിൽ ചില താൽപര്യങ്ങൾ ഉണ്ടാകാം. ദലിത്– പിന്നാക്ക വിഭാഗ സംഘടനകളുടെ കൂട്ടായ്മയിൽ തന്റെ നേതൃത്വത്തിൽ നാലാം മുന്നണി കേരളത്തിൽ ഉണ്ടാകുമെന്നും പി.സി.ജോർജ് പറഞ്ഞു.

ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമെടുക്കും: ജി.സുധാകരൻ

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റ വിഷയത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുമെന്നു മന്ത്രി ജി.സുധാകരന്‍. വിവിധ തലങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. വസ്തുത കണ്ടെത്തി മുഖ്യമന്ത്രിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമെടുക്കും. അന്വേഷണത്തില്‍ ആരും ഇടപെട്ടിട്ടില്ല. നിയമം അതിന്റെ വഴിക്കുപോകും. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിന്റെ പേരില്‍ മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ജി.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.