നാലാം തവണയും ജർമനയിൽ അംഗല; ‘പുത്തൻ നാസി’കളും പാർലമെന്റിൽ

ബെർലിൻ∙ നാലാം വട്ടവും ജർമനിയുടെ തലപ്പത്തേക്ക് ചാൻസലർ (പ്രധാനമന്ത്രി) അംഗല മെർക്കൽ. മധ്യ ഇടതുപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സും മെർക്കലും തമ്മിലായിരുന്നു പ്രധാന മല്‍സരം. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് 32% വോട്ടുലഭിച്ചു. മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രറ്റിക് യൂണിയനു ലഭിച്ചത് 20% വോട്ടുകളാണ്. തീവ്ര ദേശീയവാദികളായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) 13% വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ ‘പുത്തൻ നാസി’കളെന്നു വിളിക്കപ്പെടുന്ന എഎഫ്ഡി അംഗങ്ങൾ പാർലമെന്റിന്റെ പടികയറും.

6.10 കോടി ജര്‍മന്‍കാരാണു വോട്ടുചെയ്തത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം അംഗല മെര്‍ക്കലിന് അനുകൂലമായിരുന്നു. 2005ലാണ് അംഗല മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുന്നത്. 2013നേക്കാൾ വൻതോതിലാണ് ഇത്തവണ വോട്ടുശതമാനത്തിൽ ഇടിവുണ്ടായത്. അന്ന് മെർക്കലിന്റെ ക്രിസ്‌ത്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) 41.7% വോട്ടോടെയാണ് ഒന്നാമതെത്തിയത്. 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ 71% പോളിങ് രേഖപ്പെടുത്തിയിരുന്നു.

ജർമനിയിലെ കരുത്തുറ്റ മൂന്നാമത്തെ പാർട്ടി പദവിയിലേക്കു കൂടിയാണ് എഎഫ്ഡി നടന്നു കയറുന്നത്. ഇസ്‌ലാം, കുടിയേറ്റ വിരുദ്ധ തീവ്രപാർട്ടിയായ എഎഫ്ഡിയുടെ കുതിപ്പ് ജനാധിപത്യവാദികൾക്ക് ആശങ്ക പകരുന്നതാണ്. ആര് സര്‍ക്കാർ രൂപീകരിച്ചാലും തങ്ങൾ ‘വേട്ടയാടുമെന്ന്’ എഎഫ്ഡി പ്രഖ്യാപനവും വന്നുകഴിഞ്ഞു.

എഎഫ്ഡിക്ക് വോട്ടു ചെയ്തവരുടെ പ്രശ്നങ്ങൾക്കു ചെവി കൊടുക്കുമെന്നു നേരത്തേതന്നെ മെർക്കൽ വ്യക്തമാക്കിയിട്ടുണ്ട്. 2015നു ശേഷം രാജ്യത്തേക്കു ലക്ഷക്കണക്കിനു കുടിയേറ്റക്കാരും അഭയാർഥികളും ഒഴുകിയെത്തിയതിലുള്ള പ്രതിഷേധമാണ് എഎഫ്ഡിയെ ശക്തിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആറരക്കോടി വോട്ടർമാർക്കായി രാവിലെ എട്ടു മുതൽ 88,000 പോളിങ് സ്റ്റേഷനുകളാണു പ്രവർത്തിച്ചത്.

മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള സിഡിയു – സിഎസ്‍യു സഖ്യം 32.5% വോട്ട് നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. മാർട്ടിൻ ഷൂൾസ് നേതൃത്വം നൽകുന്ന മുഖ്യ പ്രതിപക്ഷമായ എസ്ഡിപിക്ക് 20% വോട്ട്. തീവ്രപക്ഷക്കാരായ എഎഫ്ഡിക്ക് 13.5 ശതമാനമാണ് വോട്ട് എന്നിങ്ങനെയായിരുന്നു എക്സിറ്റ് പോൾ.