ഹെൻറി ബോൾട്ടൻ യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടിയുടെ പുതിയ നേതാവ്

ഹെൻറി ബോൾട്ടൻ

ലണ്ടൻ∙ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടിക്ക് (യുകെഐപി) പുതിയ നേതാവ്. സൈനിക സേവനവും പൊലീസ് സർവീസും കഴിഞ്ഞു രാഷ്ട്രീയത്തിലെത്തിയ ഹെൻറി ബോൾട്ടനാണ് ഇന്നലെ നടന്ന തിരഞ്ഞടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുനേടി പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയത്. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ പാർട്ടി നിലപാടിനു ലഭിച്ച വൻ പിന്തുണയെത്തുടർന്നു രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിച്ചെന്നു പ്രഖ്യാപിച്ചു പരമോന്നത നേതാവായ നൈജൻ ഫെറാജ് നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ഒരു വർഷത്തിനുള്ളിൽ പാർട്ടി മറ്റുരണ്ടുപേരെ നേതാവായി തിരഞ്ഞടുത്തെങ്കിലും ആരും ആ കസേരയിൽ ദീർഘകാലം വാണില്ല.

ഫെറാജിന്റെ പിൻഗാമിയായെത്തിയ ഡയാൻ ജയിംസ് കേവലം 18 ദിവസമാണു നേതൃസ്ഥാനത്തിരുന്നത്. പിന്നീടു പാർട്ടിയുടെ ഏക പാർലമെന്റംഗമായ പോൾ നട്ടൽ നേതൃസ്ഥാനം ഏറ്റെടുത്തു. പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അദ്ദേഹം അപ്രതീക്ഷിതമായി എംപി സ്ഥാനവും പാർട്ടി നേതൃത്വവും ഒഴിഞ്ഞു പാർട്ടിയെ കൈവിട്ടു.

അമ്പത്തിനാലുകാരനായ ഹെൻറി ബോൾട്ടൻ മുൻ സൈനികനാണ്. സൈന്യത്തിൽനിന്നും പിരിഞ്ഞശേഷം തെയിംസ് വാലി പൊലീസിലും കെന്റ് പൊലീസിലും സേവനമനുഷ്ഠിച്ചു.

മുസ്‌ലിം വിരുദ്ധത മുഖമുദ്രയായി പ്രഖ്യാപിച്ചു പാർട്ടി നേതൃത്വത്തിലേക്കു മൽസരിച്ച ആൻ മേരി വാട്ടേഴ്സിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണു ബോൾട്ടന്‍ വിജയം നേടിയത്. ബോൾട്ടൻ 29.9% വോട്ടുനേടിയപ്പോൾ ആൻ മേരിക്കു ലഭിച്ചത് 21.3% വോട്ടാണ്. മറ്റ് അഞ്ച് സ്ഥാനാർഥികൾകൂടി മൽസരരംഗത്തുണ്ടായിരുന്നെങ്കിലും ആർക്കം ബോൾട്ടന് എതിരെ കാര്യമായ മൽസരം കാഴ്ചവയ്ക്കാനായില്ല.