മനോരമയുടെ കൈപിടിച്ച് മലയാളത്തിന്റെ കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു

കോട്ടയം മലയാള മനോരമയിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുന്നു.

കോട്ടയം∙ മലയാള മനോരമയുടെ കൈപിടിച്ച് മലയാളത്തിന്റെ കുരുന്നുകൾ ആദ്യാക്ഷരം നുകർന്ന് അറിവിന്റെ മുറ്റത്തേക്കെത്തി. നാവിൽ സ്വർണമോതിരംകൊണ്ടും അരിയിൽ ചൂണ്ടുവിരൽകൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികൾ അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചു. മലയാള മനോരമയുടെ കേരളത്തിലെയും പുറത്തുമുള്ള യൂണിറ്റുകളിലും വിദ്യാരംഭം ചടങ്ങുകൾ നടന്നു. ആയിരക്കണക്കിനു കുട്ടികളാണ് ആദ്യാക്ഷരം എഴുതാനെത്തുന്നത്. വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളാണു കുരുന്നുകൾക്ക് ആദ്യാക്ഷരത്തിന്റെ തേൻമധുരം പകര്‍ന്നു നൽകിയത്.

ചിത്രങ്ങൾ കാണാം: Photo Gallery

മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് കോട്ടയം മനോരമയിലെ വിദ്യാരംഭച്ചടങ്ങിൽ കുരുന്നിന് ആദ്യാക്ഷരം പകർന്നുനൽകുന്നു.

തിരുവനന്തപുരം

14 ജോഡി ഇരട്ടകൾ ഉൾപ്പെടെ തിരുവനന്തപുരത്ത് 904 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.

കൊല്ലം

കൊല്ലത്ത് ഒരു പ്രസവത്തിലെ മൂന്നു കുട്ടികളും ഒൻപതു ജോടി ഇരട്ടകളും ഉൾപ്പെടെ 868 കുട്ടികൾ ആദ്യക്ഷരം കുറിച്ചു.

ഡോ. ജാൻസി ജെയിംസ് കോട്ടയം മനോരമയിലെ വിദ്യാരംഭച്ചടങ്ങിൽ കുരുന്നിന് ആദ്യാക്ഷരം പകർന്നുനൽകുന്നു.

പത്തനംതിട്ട

പത്തനംതിട്ടയിൽ 549 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.

ആലപ്പുഴ

ആലപ്പുഴയിൽ 476 പേർ ആദ്യാക്ഷരം കുറിച്ചു.

കൊച്ചി മലയാള മനോരമയിൽ നടന്ന വിദ്യാരംഭ ചടങ്ങ് ഡോ. എം. ലീലാവതി ഉദ്‌ഘാടനം ചെയ്യുന്നു. 

കോട്ടയം

കൊച്ചി മലയാള മനോരമയിൽ നടന്ന വിദ്യാരംഭത്തിന് എത്തിയവർ.

മലയാള മനോരമ ആസ്‌ഥാനത്ത് രാവിലെ ആറരയ്‌ക്ക് വിദ്യാരംഭത്തിനു തുടക്കമായി. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും മുൻ വൈസ് ചാൻസലറുമായ ഡോ.സിറിയക് തോമസ്, കേന്ദ്രസർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്, മുൻ വൈസ് ചാൻസലറും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവുമായ ഡോ.ബി.ഇക്ബാൽ, മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ, മുൻ അഡ്വക്കറ്റ് ജനറൽ കെ.പി.ദണ്ഡപാണി, കവിയും സംസ്‌ഥാന വനിതാ കമ്മീഷൻ മുന്‍ അംഗവുമായ ഡോ.ജെ.പ്രമീളാദേവി, പ്രമുഖ കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, വിദ്യാഭ്യാസ വിദഗ്‌ധൻ പ്രഫ.ടി.ആർ.എസ്.അയ്യർ, ഹയർ സെക്കൻഡറി മുൻ ഡയറക്‌ടർ ജെയിംസ് ജോസഫ് എന്നിവരാണു ഗുരുക്കന്മാർ.

മലയാള മനോരമ തൃശൂർ യൂണിറ്റിലെ വിദ്യാരംഭച്ചടങ്ങിൽനിന്ന്.

തൃശൂർ

തൃശൂരിൽ നാല് ഇരട്ടകളടക്കം 271 കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരമെഴുതി.

പാലക്കാട്

പാലക്കാട് യൂണിറ്റ് അങ്കണത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ 753 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. രാവിലെ 6.30ന് ആരംഭിച്ച ചടങ്ങ് 11.15ന് അവസാനിച്ചു. വയലാർ രാമവർമയുടെ പത്നി ഭാരതി തമ്പുരാട്ടി, റിട്ട. ഹൈക്കോടതി ജ‍ഡ്ജിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻ ഓംബുഡ്സ്മാനുമായ ജസ്റ്റിസ് എം.എൻ. കൃഷ്ണൻ, തായമ്പക വിദഗ്ധൻ കല്ലൂർ രാമൻകുട്ടി മാരാർ, നിരൂപകൻ ആഷാ മേനോൻ, കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മെഡിക്കൽ ‍‍‍ഡയറക്ടർ ഡോ. കെ.ജി. രവീന്ദ്രൻ, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ, സംസ്ഥാന ഹയർ സെക്കൻഡറി ബോർഡ‍് മുൻ ഡയറക്ടർ ഡോ. സി.പി. ചിത്ര എന്നിവരായിരുന്നു ഗുരുക്കന്മാർ.

കോഴിക്കോട്ട് മലയാള മനോരമ അങ്കണത്തിൽ വിദ്യാരംഭത്തിന് ഗുരു ഡോ.എം.ജി.എസ്.നാരായണൻ കുരുന്നിനെ ആദ്യാക്ഷരം എഴുതിക്കുന്നു.

കണ്ണൂർ

കണ്ണൂർ യൂണിറ്റിൽ വിദ്യാരംഭ ചടങ്ങുകൾക്കെത്തിയത് 305 കുരുന്നുകൾ. ഇവരിൽ മൂന്നു ജോഡി ഇരട്ടകളുമുണ്ടായിരുന്നു.

ഡൽഹി

ഡൽഹിയിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ 90 കുഞ്ഞുങ്ങൾ പങ്കെടുത്തു. ഉത്തരേന്ത്യക്കാരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ജീസസ് ആൻഡ് മേരി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ടി.എൽ. റോസിലി, പ്രശസ്ത ശില്പി കെ.എസ്. രാധാകൃഷ്ണൻ, ആമസോണിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവി വി.കെ. കാർത്തിക എന്നിവരാണു കുഞ്ഞുങ്ങളെ അക്ഷരമെഴുതിച്ചത്.