വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ, പിന്നാലെ ജാമ്യവും

ലണ്ടൻ∙ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിലായി. പിന്നാലെ ജാമ്യം നേടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിലെ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയശേഷം തിരിച്ചടയ്ക്കാതെ 2016 മാർച്ചിൽ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ. കള്ളപ്പണക്കേസിൽ വിജയ് മല്യയ്ക്കെതിരെ ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണവുമായി രംഗത്തെത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് മല്യ ലണ്ടനിൽ അറസ്റ്റിലാകുന്നത്.

ഈ വർഷം ഏപ്രിൽ 18ന് ആയിരുന്നു ആദ്യ അറസ്റ്റ്. ഇതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടയച്ചു. പണം തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു അന്ന് നടപടി. ലണ്ടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടനു കത്തു നൽകിയിരുന്നു.