പോരാട്ടത്തിൽ കൂടുതൽ ശക്തരായി #അവൾക്കൊപ്പം: സിനിമയിലെ വനിതാ കൂട്ടായ്മ

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ ശക്തമാക്കുന്നതായി ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസിൽ 85 ദിവസം ജയിലിലായിരുന്ന നടൻ ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണു വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രതികരണം.

ദിലീപിനെ സ്വീകരിക്കാൻ ജയിലിനു പുറത്തും ആലുവയിലെ വീടിനു മുന്നിലും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സമൂഹമാധ്യമങ്ങളിലും ദിലീപിന് അനുകൂലമായ പ്രതികരണങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വനിതാ കൂട്ടായ്മയുടെ അഭിപ്രായപ്രകടനം. ‘നിയമവും നീതി നിർവഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവാധികം ശക്തിപ്പെടുത്തുന്നു.

ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽനിന്നു മാഞ്ഞു പോകാതിരിക്കട്ടെ. അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടതു പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം’– സമൂഹമാധ്യമത്തിലെ കുറിപ്പിൽ ഡബ്ല്യുസിസി വ്യക്തമാക്കി.