വിമതരെ നേരിടാനുറച്ച് തെരേസ മേ; മന്ത്രിമാരെല്ലാം തനിക്കൊപ്പമെന്ന് വാദം

ലണ്ടൻ∙ വിമതനീക്കം നേരിടുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ കസേര ഉറപ്പിക്കാൻ കരുനീക്കങ്ങൾ ശക്തമാക്കി. കാബിനറ്റ് ഒന്നടങ്കം തനിക്കൊപ്പമാണെന്നും രാജ്യത്തിന് ആവശ്യമായ സൗമ്യമായ നേതൃത്വമാണു താൻ നൽകുന്നതെന്നും തുറന്നടിച്ചാണ് പ്രധാനമന്ത്രി വിമതരെ നേരിടുന്നത്. നിലവിൽ തന്റെ നേതൃത്വത്തിനു ഭീഷണിയില്ലെന്നും അവർ അവകാശപ്പെട്ടു. സ്വന്തം മണ്ഡലത്തിൽ ഒരു പൊതു പരിപാടിയിൽ സംബന്ധിക്കവേയാണ് നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു തെരേസ മേ കൃത്യമായ മറുപടി നൽകിയത്. രാജ്യത്തിന് ഇപ്പോൾ വേണ്ടത് സൗമ്യമായ നേതൃത്വമാണ്. കാബിനറ്റിന്റെ മുഴുവൻ പിന്തുണയോടെ താൻ ഇപ്പോൾ നൽകുന്നതും അതുതന്നെയാണെന്നും അവർ വ്യക്തമാക്കി. 

അഞ്ചു മുൻ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ മുപ്പതോളം ടോറി എംപിമാരാണ് ബ്രിട്ടണിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരേ വിമതനീക്കത്തിനു തയാറെടുക്കുന്നത്.  ക്രിസ്മസിനു മുമ്പ് തെരേസ മേയെ പുറത്തു ചാടിച്ച് പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ഇവരുടെ നീക്കം. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ചെയർമാൻ ഗ്രാന്റ് ഷാപ്സ് പരസ്യമായി ഇന്നലെ നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തു. നേതൃസ്ഥാനത്തേക്ക് ഇലക്‌ഷൻ അനിവാര്യമാണെന്നായിരുന്നു ഷാപ്സ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ടോറി പാർട്ടിയുടെ വാർഷികയോഗത്തിനു ശേഷമാണ് തെരേസ മേയ്ക്കെതിരേ വിമതനീക്കം ശക്തമായത്. ഇപ്പോൾ മുപ്പതോളം എംപിമാർ ഈ നീക്കത്തിന് പിന്തുണ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

ബ്രെക്സിറ്റ് ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്തതും മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിയന്ത്രിച്ചു നിർത്താൻ സാധിക്കാത്തതും തെരേസ മേയുടെ വീഴ്ചയായി ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോമാളിത്തരം കാണിക്കാൻ ചിലർ തയാറായത് മേയുടെ കഴിവില്ലായ്മയും അവർ വിലയിരുത്തുന്നു. പാർട്ടി സമ്മേളനത്തിൽ ഉയർന്ന ശക്തമായ വിമർശനങ്ങൾക്ക് തക്കതായ മറുപടി നൽകാനും പ്രധാനമന്ത്രിക്ക് ആയില്ല. ഇടക്കാല തിരഞ്ഞെടുപ്പിലൂടെ സ്വയം അശക്തയായി മാറിയ തേരേസ മേയ്ക്ക് ഇനി എത്രകാലം അധികാരത്തിൽ തുടരാനാകുമെന്ന് കണ്ടറിയണമെന്നാണ് വിമതനീക്കത്തിന് ചുക്കാൻ പിടിക്കുന്നവരുടെ അഭിപ്രായം. 

ഇതിനിടെ തെരേസ മേയെ പിന്തുണച്ച് പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവും ആഭ്യന്തര സെക്രട്ടറി അംബർ റൂഡും ഇന്നലെ പരസ്യമായി രംഗത്തെത്തി. തെരേസ മേയ് മികച്ച നേതാവാണെന്നും അവർ ആഗ്രഹിക്കുന്നിടത്തോളം കാലം നേതൃസ്ഥാനത്ത് ഉണ്ടാകുമെന്നുമായിരുന്നു മൈക്കിൾ ഗോവ് ഒരു റേഡിയോ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഭൂരിഭാഗം എംപിമാരും കാബിനറ്റും പ്രധാനമന്ത്രിക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അംബർ റൂഡ് ആകട്ടെ ടെലഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി തുരടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. 

പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം രേഖപ്പെടുത്താൽ 316 എംപിമാരിൽ 48 പേരുടെ പിന്തുണ അനിവാര്യമാണ്. ഇത് സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് വിമതർ. ഇതു സാധ്യമായാലുടൻ വിമതനീക്കം ശക്തമാക്കി രംഗത്തുവരാനാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തേരേസ വിരുദ്ധരുടെ നീക്കം.