ഗോൾമഴ, ആദ്യ ഹാട്രിക്; ലോകകപ്പിൽ വമ്പൻ ജയവുമായി ജപ്പാൻ, ഫ്രാൻസ്, ഇംഗ്ലണ്ട്

ഇറാഖ്– മെക്സിക്കോ മത്സരത്തിൽ നിന്ന്.

ഗുവാഹത്തി, കൊൽക്കത്ത ∙ അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങളിൽ ഗോൾമഴ തീർത്ത് കരുത്തരായ ഇംഗ്ലണ്ടും ഫ്രാൻസും ജപ്പാനും. ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ ചിലെയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തപ്പോൾ, ലോകകപ്പ് വേദിയിലെ കന്നിക്കാരായ ന്യൂകാലിഡോണിയയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് മുക്കി ഫ്രാൻസും ആദ്യ മൽസരം ഗംഭീരമാക്കി. ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് മുക്കിയാണ് ജപ്പാനും വൻ വിജയം ആഘോഷിച്ചത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച കെയ്റ്റോ നകാമുറയാണ് ജപ്പാനു തകർപ്പൻ വിജയം സമ്മാനിച്ചത്.

അതേസമയം, ഗ്രൂപ്പ് എഫിലെ രണ്ടാം മൽസരത്തിൽ ഇറാഖ്–മെക്സിക്കോ മൽസരം സമനിലയിലായി. മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനിലയിൽ പിരി‍ഞ്ഞത്. ആദ്യപകുതിയിൽ ഇറാഖ് 1–0ന് മുന്നിലായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എഫിൽ ഇംഗ്ലണ്ടിനും ഗ്രൂപ്പ് ഇയിൽ ഫ്രാൻസ് ജപ്പാൻ ടീമുകൾക്കും മൂന്നു പോയിന്റ് വീതമായി. ഗ്രൂപ്പ് എഫിൽ ഇറാഖ്, മെക്സിക്കോ ടീമുകൾക്ക് ഓരോ പോയിന്റ് ലഭിച്ചു.

ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി നകാമുറ

കെയ്റ്റോ നകാമുറയുടെ ഹാട്രിക്കായിരുന്നു ജപ്പാൻ–ഹോണ്ടുറാസ് മൽസരത്തിലെ ഹൈലൈറ്റ്. ആദ്യ മൽസരത്തിൽ ന്യൂകാലിഡോണിയയെ ഗോൾമഴയിൽ മുക്കിയ ഫ്രാൻസിന്റെ വഴിയേയായിരുന്നു ജപ്പാനും. ആദ്യപകുതിയിൽ ജപ്പാൻ 4–1ന് മുന്നിലായിരുന്നു.

22, 30, 43 മിനിറ്റുകളിലായിരുന്നു നകാമുറയുടെ ഗോളുകൾ. തകെഫുസ കോബു (45), മിയാരോ (51), തോയിച്ചി സുസുക്കി (90) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ജപ്പാൻ ഗോളിയുടെ പിഴവു മുതലെടുത്ത് 36–ാം മിനിറ്റിൽ പാട്രിക് പലേഷ്യസാണ് ഹോണ്ടുറാസിന്റെ ആശ്വാസ ഗോൾ നേടിയത്.

കരുത്തരുടെ പോര് ‘സമാസമം’

മരണ ഗ്രൂപ്പായി ഗണിക്കപ്പെടുന്ന ഗ്രൂപ്പ് എഫില്‍ ഇറാഖും മെക്സിക്കോയും സമനിലയിൽ പിരിഞ്ഞു. മൽസരത്തിന്റെ 16–ാം മിനിറ്റിൽ ഗോൾ നേടിയ മുഹമ്മദ് ദാവൂദ് ഇറാഖിന് ലീഡു സമ്മാനിച്ചതാണ്. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ റോബർട്ടോ ഡി റോസ മെക്സിക്കോയ്ക്ക് സമനില സമ്മാനിച്ചു. രണ്ടു തവണ ചാംപ്യൻമാരായ മെക്സിക്കോയ്ക്ക് ഇറാഖുമായുള്ള സമനില ക്ഷീണം ചെയ്യും. കരുത്തരായ ഇംഗ്ലണ്ട്, ചിലെ എന്നീ ടീമുകളുമായാണ് അവരുടെ ശേഷിക്കുന്ന മൽസരങ്ങൾ.

ചിലെയെ ‘തകർത്ത്’ ഇംഗ്ലണ്ട്

കരുത്തരുടെ പോരാട്ടമാകുമെന്ന് കരുതപ്പെട്ട ഇംഗ്ലണ്ട്–ചിലെ പോരാട്ടം തീർത്തും ഏകപക്ഷീയമായി അവസാനിക്കുന്നതാണ് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുതട്ടി പരിചയിച്ച കുട്ടിപ്പടയുമായെത്തിയ ഇംഗ്ലണ്ട്, കളിയുടെ സമസ്ത മേഖലകളിലും ചിലെയെ പിന്നിലാക്കി.

ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമേ നേടാനായുള്ളൂവെങ്കിലും രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി നേടി ഇംഗ്ലണ്ട് കേടു തീർത്തു. ഹഡ്സൻ ഒഡോയ് അഞ്ചാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് ഇംഗ്ലണ്ട് ലീഡെടുത്തത്. ആദ്യപകുതിയിൽ ഒട്ടേറെ ഗോളവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ നേടാൻ ഇംഗ്ലണ്ടിനായില്ല. ഇംഗ്ലിഷ് താരങ്ങളുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടെ നിലയുറപ്പിക്കാൻ പതറുന്ന ചിലെയായിരുന്നു ആദ്യ പകുതിയിലെ കാഴ്ച.

രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് താരങ്ങൾ കൂടുതൽ കൃത്യതയുള്ളവരായി. ഇരട്ടഗോളുകളുമായി ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവതാരം ജാഡോൺ സാഞ്ചോയാണ് (51, 60) ചിലെയുടെ നെഞ്ചു തകർത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഏഞ്ചൽ ഗോമസിന്റെ തകർപ്പൻ ഫ്രീകിക്ക് ഗോൾ, പട്ടിക പൂർത്തിയാക്കി. മൽസരത്തിന്റെ 81–ാം മിനിറ്റിലായിരുന്നു ഇത്.

ന്യൂകാലിഡോണിയയെ ‘മുക്കി’ ഫ്രാൻസ്

തീർത്തും ദുർബലരായ എതിരാളികൾക്കെതിരെ അക്ഷരാർഥത്തിൽ ഗോൾവർഷം നടത്തുകയായിരുന്നു ഫ്രാൻസ്. ആദ്യ പകുതിയിൽ ഫ്രാൻസ് ആറു ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ഒരു ഗോൾ മാത്രം വഴങ്ങിയ ന്യൂകാലിഡോണിയ, അതിനിടെ ഒരു ഗോൾ മടക്കുകയും ചെയ്തു.

ഫ്രാൻസിനു വേണ്ടി അമിനെ ഗൗരി (20, 33) ഇരട്ടഗോൾ നേടി. ഗോമസ് (30), കാഖ്വറെറ്റ് (40), ഇസിദോർ (90+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. രണ്ടു സെൽഫ് ഗോളുകൾ വഴങ്ങി ന്യൂകാലിഡോണിയയും ഫ്രാൻസിന് കാര്യമായ ‘സംഭാവന’ നൽകി. അവരുടെ ഏക ‘സ്വന്തം’ ഗോൾ വാഡെംഗസ് (90) നേടി.