ജയ്ഷെ ഭീകരൻ അബു ഖാലിദിനെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് കൊടുംഭീകരൻ

അബു ഖാലിദ്. ചിത്രം: എഎൻഐ, ട്വിറ്റർ.

ശ്രീനഗർ∙ കശ്മീരിലെ ഭീകരപ്രവർ‌ത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ജയ്ഷെ മുഹമ്മദ് പ്രവർത്തന വിഭാഗം തലവൻ അബു ഖാലിദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ലദൂരയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് ഖാലിദ് കൊല്ലപ്പെട്ടത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു സുരക്ഷാസേന പരിശോധന നടത്തിയപ്പോൾ ഭീകരർ വെടിയുതിർത്തു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണ് ഖാലിദ് വധിക്കപ്പെട്ടത്. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും പൊലീസും സിആർപിഎഫും സൈന്യവും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്. അതേസമയം, ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർ വീരമൃത്യു വരിച്ചു.

ഖാലിദിനെ വധിക്കാനായത് ഇന്ത്യൻ സുരക്ഷാ സേനയുടെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നതു പാക്ക് പൗരനായ അബു ഖാലിദ് ആയിരുന്നു. സുരക്ഷാസേനകളുടെ കേന്ദ്രങ്ങൾക്കും പൊലീസുകാർക്കും നേരേ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കു വഹിച്ചയാളാണ് ഖാലിദെന്ന് ജമ്മു കശ്മീർ പൊലീസ് ഡിജിപി എസ്.പി. വൈദ് അറിയിച്ചു.

കഴിഞ്ഞ രണ്ട് – മൂന്നു വർഷമായി ഭീകരപ്രവർത്തനവും സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റുമായി മേഖലയിൽ ഖാലിദ് സജീവമായിരുന്നു. എ പ്ലസ് പ്ലസ് കാറ്റഗറിയിൽ കൊടുംഭീകരരുടെ പട്ടികയിൽപ്പെടുന്ന ഖാലിദിന്റെ തലയ്ക്ക് ഏഴു ലക്ഷം രൂപയായിരുന്നു സുരക്ഷാസേന വിലയിട്ടത്. ഹന്ദ്വാരയിൽ സ്പെഷൽ പൊലീസ് ഓഫിസറെയും മകനെയും ആക്രമിച്ചതും ഖാലിദ് ആയിരുന്നു.

ശ്രീനഗർ വിമാനത്താവളത്തിനു സമീപം ബിഎസ്എഫ് ബറ്റാലിയന്റെ നേർക്കുണ്ടായ ആക്രമണം, പുൽവാമയിൽ പൊലീസ് ആസ്ഥാനത്തേക്കു നടത്തിയ ആക്രമണം തുടങ്ങിയവയിലും ഖാലിദിനു പങ്കുള്ളതായാണു സംശയം. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.