യുപിയിൽ വിഷവാതകം ശ്വസിച്ചു 300 സ്കൂൾ വിദ്യാർഥികൾ‍ ആശുപത്രിയിൽ

Representational image

ലക്നൗ∙ ഉത്തർ പ്രദേശിൽ വിഷവാതകം ശ്വസിച്ചതിനെത്തുടർന്നു തളർച്ച അനുഭവപ്പെട്ട 300 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാമിലി ജില്ലയിലെ സ്വകാര്യ സ്കൂളിനു സമീപമുള്ള ഷുഗർ മില്ലിൽനിന്നാണ് വിഷവാതകം എത്തിയതെന്ന് പൊലീസ് അറിയിച്ചു. വയറുവേദന, ഛർദ്ദിൽ, കണ്ണുകളിൽ നീറ്റൽ തുടങ്ങിയവ അനുഭവപ്പെട്ടതിനെത്തുടർന്നാണു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷയത്തിൽ സഹാരൺപുർ കമ്മിഷണറോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.

നേരത്തേയും ഇതുപോലുള്ള സംഭവങ്ങൾ നടന്നിട്ടുള്ളതായി മീററ്റ് സോൺ എഡിജി: പ്രശാന്ത് കുമാർ പറഞ്ഞു. വിവിധ ആശുപത്രികളിൽ ചികിൽസയിലായ കുട്ടികളെല്ലാം സുരക്ഷിതരാണ്. അന്വേഷണം നടക്കുകയാണെന്നം കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്നും എഡിജി അറിയിച്ചു.

അതേസമയം, ഷുഗർ മില്ലിൽനിന്നു സ്ഥിരമായി വിഷവാതകം വമിപ്പിക്കുന്ന രാസമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തുവിടാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.