അനുപം ഖേർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

ന്യൂഡൽഹി∙ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബോളിവുഡ് താരം അനുപം ഖേറിനെ നിയമിച്ചു. ഗജേന്ദ്ര ചൗഹാന്റെ നിയമന കാലാവധി അവസാനിച്ചതിനെ തുടർന്നാണു തീരുമാനം. ഈ വർഷം മാർച്ചിലാണ് ചൗഹാന്റെ കാലാവധി അവസാനിച്ചത്. പുതിയ ചെയർമാനെ നിയമിച്ചതായുള്ള ഉത്തരവ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറി. സെൻസർ ബോർഡ് അധ്യക്ഷസ്ഥാനം പ്രസൂൺ ജോഷിക്ക് നൽകിയതിനു പിന്നാലെയാണു കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.

രണ്ടു ദേശീയ അവാർഡുകൾ ലഭിച്ചിട്ടുള്ള നടനാണ് അനുപം ഖേർ. ഭാര്യ കിരൺ ഖേർ ബിജെപി എംപിയാണ്. അഞ്ഞൂറോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അനുപം ഖേറിനു പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

2015ൽ ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതിരെ ശക്തമായ വിദ്യാർഥി പ്രക്ഷോഭമാണു നടന്നത്. ചെയർമാനു മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ചായിരുന്നു സമരം. 139 ദിവസം നീണ്ടുനിന്ന സമരം രാജ്യാന്തരതലത്തിൽ വലിയ ശ്രദ്ധനേടിയിരുന്നു.

അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, ഗിരീഷ് കർണാട് തുടങ്ങി ലോകവേദികളിൽ ഇന്ത്യൻ സിനിമയുടെ മുഖമായ പ്രമുഖർ ഇരുന്ന കസേരയിലിരിക്കാൻ ചൗഹാനു യോഗ്യതയില്ലെന്നു ആരോപിച്ചായിരുന്നു പ്രക്ഷോഭം.