ഉത്തര കൊറിയൻ അതിർത്തിയിൽ വീണ്ടും ബോംബറുകൾ പറത്തി യുഎസ്

ഉത്തര കൊറിയൻ അതിർത്തിയിലേക്കു പറന്നുയരുന്ന യുഎസ് ബോംബർ വിമാനം

സോൾ/വാഷിങ്ടൻ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ശക്തമായ താക്കീതുമായി യുഎസ്. ഉത്തര കൊറിയയുടെ അതിർത്തിക്കുസമീപം അമേരിക്കയുടെ കരുത്തുറ്റ രണ്ട് ബോംബർ വിമാനങ്ങൾ പറത്തിയായിരുന്നു യുഎസിന്റെ മുന്നറിയിപ്പ്.

യുഎസ് വ്യോമസേനയുടെ ബി–1ബി പോർവിമാനങ്ങളാണു ഉത്തര കൊറിയയെ ഭയപ്പെടുത്താനായി യുഎസ് ഉപയോഗിച്ചത്. ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി ചേർന്നായിരുന്നു യുഎസിന്റെ സൈനിക പ്രകടനം. യുഎസ് ബോംബർ വിമാനങ്ങൾ ആദ്യമായാണു ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റർ വിമാനങ്ങളുമായി ചേർന്നു സൈനിക പരിശീലനം നടത്തുന്നത്.

ദക്ഷിണ കൊറിയയുടെ എഫ്–15കെ ഫൈറ്ററുകൾ‌ പരിശീലനപ്പറക്കലിൽ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച യുഎസ് പോർവിമാനങ്ങൾ, കിഴക്കൻ തീരത്ത് എയർ ടു ഗ്രൗണ്ട് മിസൈലുകൾ തൊടുത്ത് പരിശീലനവും നടത്തി. ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോർത്ത് ഇത്തരത്തിലുള്ള ആദ്യ സൈനിക പരിശീലനമാണു നടന്നതെന്നു യുഎസ് സേന പുറത്തിറക്കിയ പ്രസ്താനവനയിൽ ചൂണ്ടിക്കാട്ടി.

യുഎസിന്റെ ഗുവാം ദ്വീപിലെ ആൻഡേഴ്സൺ വ്യോമസേനാ താവളത്തിൽനിന്നാണു ബോംബർ വിമാനങ്ങൾ ദൗത്യത്തിനായി പറന്നുയർന്നത്. ഓഗസ്റ്റിൽ ഗുവാമിനെ മിസൈൽ ഉപയോഗിച്ചു തക‍ർക്കുമെന്ന ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് യുഎസിന്റെ സൈനിക നടപടി.

യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോർമുനയുള്ള മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു യുഎസ് ബോംബറുകൾ ഉത്തര കൊറിയൻ അതിർത്തിയിൽ എത്തിയത്.

ഉത്തര കൊറിയൻ അതിർത്തിയിലേക്കു പറന്നുയരാൻ തുടങ്ങുന്ന യുഎസ് ബോംബർ വിമാനങ്ങൾ

ട്രംപിന്റെ സൂചന യാഥാർഥ്യമായി

പ്രകോപനങ്ങൾ തുടരുന്ന ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നു കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരോക്ഷ സൂചന നൽകിയിരുന്നു. ഭരണകൂടവും പ്രസിഡന്റുമാരും 25 വർഷമായി ഉത്തരകൊറിയയോട് ചർച്ച നടത്തുന്നു. പലതവണ കരാറുകൾ ഒപ്പുവച്ചു. ധാരാളം പണം നൽകി. അതൊന്നും നടപ്പായിട്ടില്ല. കരാറുകൾ മഷിയുണങ്ങുന്നതിനു മുൻപ് ലംഘിക്കപ്പെട്ടു. യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവർ. മാപ്പ്, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക – ഇങ്ങനെയാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ വാക്കുകൾ സൈനിക നടപടിയുടെ സൂചനയായാണു നയതന്ത്ര വിദഗ്ധർ വിലയിരുത്തിയത്.

ഉത്തര കൊറിയയുടെ മിസൈലുകൾ തടയുന്നതിനോ ആണവ പരീക്ഷണങ്ങൾ തടയുന്നതിനോ യുഎസ് ഇതുവരെ കർശന നടപടികൾ എടുത്തിട്ടില്ല. എന്നാൽ കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു ട്രംപ് യുഎൻ പൊതുസഭയിലെ കന്നി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇറാൻ, ഉത്തര കൊറിയ, ഇസ്‍ലാമിക് സ്റ്റേറ്റ് വിഷയങ്ങളിൽ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുൻപേയുള്ള ശാന്തതയാണു യുഎസിന്റേതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 

ബോംബർ വിമാനങ്ങൾ മുൻപും

ഉത്തര കൊറിയക്കു താക്കീതായി അമേരിക്കയുടെ ബോംബർ വിമാനങ്ങളും പോർവിമാനങ്ങളും മുൻപും പറന്നിട്ടുണ്ട്. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തോടു ചേർന്നുള്ള രാജ്യാന്തര വ്യോമമേഖലയിലൂടെ സെപ്റ്റംബർ അവസാനവാരമാണ് ഇവ പറത്തിയത്. ആണവേതര ബോംബുകൾ വൻതോതിൽ വർഷിക്കാൻ കഴിയുന്നതായിരുന്നു ബോംബർ വിമാനങ്ങൾ. ഉത്തര, ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന അതിർത്തിയിലെ സൈനികവിമുക്ത മേഖലയുടെ വടക്കേ അറ്റംവരെ ഇവ പറന്നു.