സോളര്‍: വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും

തിരുവനന്തപുരം∙ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടൻ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും. നിലവിലെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റുംപോലുള്ള കടുത്ത നടപടികളിലേക്കു കടക്കു.

ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഇന്നുതന്നെ അന്വേഷണ സംഘം രൂപീകരിച്ചു ഉത്തരവിറക്കി നടപടികൾ വേഗത്തിലാക്കാനാണു പൊലീസിന്റെ ആലോചന. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിൻമേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാൽ നിലവിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളർ കേസുകളുണ്ട്.

വിചാരണയിലേക്കു കടക്കാറായവ വീണ്ടും അന്വേഷിക്കാനാണു നിലവിലെ നിർദേശം. അതിനാൽ അവയുടെയടക്കം കേസ് ഡയറികൾ പരിശോധിച്ചശേഷമാവും എത്ര കേസുകൾ റജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം തീരുമാനിക്കുക. കേസെടുത്താലുടൻ ചോദ്യം ചെയ്യലിലേക്കു കടക്കണം. സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിനെ അടിസ്ഥാനമെന്നതിനാൽ ആദ്യംതന്നെ സരിതയുടെ മൊഴിേരഖപ്പെടുത്തണം. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനയാണു സരിത നൽകുന്നത്.

പരാതിക്കാരിയുടെ മൊഴിയെടുത്താലുടൻ ആരോപണവിധേയരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താം. എന്നാൽ സരിത 2013ൽ അറസ്റ്റിലായപ്പോൾ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആ റിപ്പോർട്ടടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം ഉന്നത ആലോചനയിലൂടെ മാത്രമേ ഉമ്മൻ ചാണ്ടിയടക്കമുള്ളവരുടെ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കൂ.