Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കുള്ളത് ദേശദ്രോഹികളെ സഹായിച്ച ചരിത്രം: സ്മൃതി ഇറാനി

Smriti Irani

ചെങ്ങന്നൂർ ∙ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് ജനാധിപത്യത്തിനു നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം നിന്നവാരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.

ഇന്ത്യാ– ചൈന യുദ്ധകാലത്ത് ചൈനയ്ക്കൊപ്പം നിന്ന അവർ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ വിമർശിക്കുകയും ചെയ്തു. ഇന്ത്യൻ പട്ടാളത്തിനെതിരെ സംസാരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നും ആ സ്ഥാനത്ത് തുടരുകയാണ്. അതിനെ അപലപിക്കാൻ പോലും സിപിഎം തയാറാകാത്തത് ഈ നാടിനോടുള്ള അവരുടെ മാനസിക നിലയാണ് കാണിക്കുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനൊപ്പം ജിഹാദികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതും കമ്മ്യൂണിസ്റ്റുകളാണ്.

Janaraksha Yathra

കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണ്. കേരളത്തിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. കൊലചെയ്തും ഭീഷണിപ്പെടുത്തിയും സിപിഎമ്മുകാർ ചെയ്തു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുട്ട മറുപടി നൽകേണ്ടതുണ്ട്. കേരളത്തിൽ 286 ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഇതിൽ 84 പേരും മുഖ്യമന്ത്രിയുടെ നാട്ടുകാരാണ്. അധികകാലം ഇവർക്ക് ഈ ജനദ്രോഹ നടപടിയുമായി മുന്നോട്ടു പോകാനാവില്ല. ഡൽഹിയിലെത്തി തന്നെ കണ്ടപ്പോൾ കേരളത്തിൽ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ അതു പാലിക്കപ്പെട്ടില്ല. കൊലപാതക രാഷ്ട്രീയത്തോട് എതിർപ്പുണ്ടെങ്കിൽ എം.എം.മണിയെ മന്ത്രിസഭയിൽ എടുക്കില്ലായിരുന്നു.

കേരളത്തിൽ ബലിദാനികളാകേണ്ടി വന്ന പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളുടേയും ത്യാഗം പാഴാവില്ല. അവർക്ക് നീതി ഉറപ്പാക്കും. അവരോടൊപ്പം ഈ രാജ്യത്തെ 11 കോടി ബിജെപി പ്രവർത്തകരുമുണ്ട്. കേരളത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. എന്നാൽ തോളോട് തോൾ ചേർന്ന് ഈ രാജ്യത്തെ മുഴുവൻ ബിജെപി പ്രവർത്തകരും അതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.