സ്കൂളുകൾക്ക് സമീപം അപകടം കൂടി; വിദ്യാർഥികൾക്ക് ഇൻഷുറൻസുമായി തമിഴ്നാട്

Representative Image

ചെന്നൈ∙ സ്കൂളുകൾക്കു സമീപം അപകടങ്ങൾ‌ കൂടുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് കൊണ്ടുവരാൻ തമിഴ്നാടിന്റെ തീരുമാനം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികളും ഉൾപ്പെടുന്നതാണ് ഇൻഷുറൻസ് പദ്ധതിയെന്നു വിദ്യാഭ്യാസ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ അറിയിച്ചു.

കഴിഞ്ഞ വർഷം സ്കൂളുകൾക്കു സമീപം മാത്രം 5010 അപകടങ്ങളുണ്ടായെന്നാണു സർക്കാർ കണക്ക്. ഇതില്‍ 1207 പേർ മരണപ്പെട്ടു. രാജ്യത്ത് ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്നത് തമിഴ്നാട്ടിലാണെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ ഇൻഷുറൻസ് പദ്ധതി സ്വകാര്യ സ്കൂൾ വിദ്യാർഥികളെ കൂടി ഉൾക്കൊള്ളുന്നതാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

രാജ്യത്ത് ആദ്യമായാണ് സ്കൂൾ കുട്ടികൾക്ക് ഇൻഷുറൻസ് പദ്ധതിയെന്നാണു തമിഴ്നാട് സർക്കാരിന്റെ അവകാശ വാദം. എന്നാൽ സമാന പദ്ധതി വർഷങ്ങള്‍ക്കു മുൻപേ കേരളം തുടക്കമിട്ടിരുന്നു. പദ്ധതിപ്രകാരം, വിദ്യാർഥിക്കു മരണം സംഭവിച്ചാൽ 50,000 രൂപയും ഗുരുതര പരുക്കു പറ്റിയാൽ 10,000 രൂപയുമാണ് ഇൻഷുറൻസ് ലഭിക്കുക. അതേസമയം, കേരളത്തിലെ പദ്ധതി ഇപ്പോൾ മന്ദഗതിയിലാണെന്നു വിമർശനമുണ്ട്.