താജ്മഹലിന് എന്തു ചരിത്ര പ്രാധാന്യം? നിർമിച്ചത് രാജ്യദ്രോഹികൾ: ബിജെപി എംഎൽഎ

ലക്നൗ∙ ലോക മഹാദ്ഭുതമായ താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എ. താജ്മഹൽ ചരിത്രത്തിന്‍റെ ഭാഗമാണെങ്കിൽ ആ ചരിത്രം മാറ്റുമെന്നും ഉത്തര്‍പ്രദേശിൽനിന്നുള്ള എംഎല്‍എ സംഗീത് സോം പറഞ്ഞു. ടൂറിസം ബുക്‌ലെറ്റില്‍നിന്നു താജ്മഹലിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് എംഎല്‍എയുടെ വിവാദപരാമര്‍ശം.

ടൂറിസം കൈപ്പുസ്തകത്തിൽനിന്നു താജ്മഹലിനെ ഒഴിവാക്കിയതു കുറേപ്പേരെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ താജ്മഹലിന് എന്തു ചരിത്രപ്രാധാന്യമാണ് അവകാശപ്പെടാനുള്ളത്? താജ്മഹൽ നിര്‍മ‍ിച്ച ചക്രവര്‍ത്തി ഹൈന്ദവരെ തുടച്ചുനീക്കാൻ ശ്രമിച്ചയാളാണെന്നും സംഗീത് സോം പറഞ്ഞു. താജ്മഹല്‍ ഇന്ത്യയുടെ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാടെടുത്തതിനു പിന്നാലെയാണു കൂടുതൽ ബിജെപി നേതാക്കളുടെ പ്രതികരണം.

എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്തെത്തി. വിദ്വേഷമാണു ബിജെപി പ്രചരിപ്പിക്കുന്നതെന്നു സമാജ‍‌്വാദി പാര്‍ട്ടി ആരോപിച്ചു. ചരിത്രത്തെ നശിപ്പിക്കുകയല്ല, അതില്‍നിന്നു പഠിക്കുകയാണു വേണ്ടതെന്ന് എസ്പി വക്താവ് സി.പി. റായ് പറഞ്ഞു. രാജ്യദ്രോഹികൾ എന്നാരോപിക്കപ്പെടുന്ന ഇതേ ചക്രവര്‍ത്തിമാർ നിര്‍മിച്ച ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതു പ്രധാനമന്ത്രി നിര്‍ത്തലാക്കുമോയെന്ന് അസാസുദ്ദീൻ ഒവൈസി ചോദിച്ചു.

യുപി സര്‍ക്കാർ പുറത്തിറക്കിയ സംസ്ഥാന ടൂറിസം കൈപ്പുസ്തകത്തിൽ താജ്മഹലിനെ ഉൾപ്പെടുത്താതിരുന്നതു വലിയ വിവാദമായിരുന്നു. യുപിയിലെ സാംസ്കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമാണു കൈപ്പുസ്തകത്തിൽ. ഗോരഖ്പുരിനു പുറമെ മഥുര, അയോധ്യ, വാരാണസി തുടങ്ങിയ സ്ഥലങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങളുടെ വിവരങ്ങളും കൈപ്പുസ്തകത്തിലുണ്ട്.