ഇന്ത്യൻ സമാധാന സേനയ്ക്ക് അഭിമാന നേട്ടം; സുഡാനിൽ 50 പേർക്ക് യുഎൻ മെഡൽ

ജനീവ∙ ഇന്ത്യൻ സമാധാന സേനയുടെ സേവനങ്ങൾക്ക് മെഡൽനേട്ടം സമ്മാനിച്ച് ഐക്യരാഷ്ട്ര സംഘടന. തെക്കൻ സുഡാനിൽ നിയോഗിക്കപ്പെട്ട 50 ഇന്ത്യൻ സൈനികർക്കാണ് യുഎൻ മെഡൽ സമ്മാനിച്ചത്. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിലും കലാപബാധിത പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിലും പ്രകടിപ്പിച്ച മികവിനാണ് അംഗീകാരം.

യുഎൻ മിഷൻ ഇൻ സൗത്ത് സുഡാൻ(യുഎൻമിസ്) സേനയിലെ അംഗങ്ങളാണ് മെഡലിന് അർഹരായത്. യുഎൻമിസ് ഫോഴ്സ് കമാൻഡർ ജനറൽ ഫ്രാങ്ക് മുഷ്യോ കമൻസി മെഡലുകൾ സമ്മാനിച്ചു. കലാപബാധിത പ്രദേശമായ ജംഗ്ളെയിലാണ് ഇന്ത്യൻ സേനയെ നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തര കലാപം ഏറ്റവും രൂക്ഷമായ മേഖലയുമാണിത്. യുഎൻ സമാധാന സേനാംഗങ്ങൾ ഉൾപ്പെടെ കൊല ചെയ്യപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തുടർച്ചയായ പട്രോളിങ്ങിലൂടെ സേന ഇവിടെ സാന്നിധ്യം ശക്തമാക്കുന്നുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥികേന്ദ്രത്തിൽ കഴിയുന്ന 2500 സാധാരണക്കാർക്ക് സംരക്ഷിത വലയം തീർത്തതിനും ഫ്രാങ്ക് മുഷ്യോ ഇന്ത്യന്‍സേനയെ അഭിനന്ദിച്ചു.

പ്രാദേശിക സർക്കാരും ഇന്ത്യയുടെ പിന്തുണയ്ക്കു നന്ദി അറിയിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങളെത്തിക്കാനും ഇന്ത്യൻ സേന സമയം കണ്ടെത്തിയിരുന്നു. മാത്രവുമല്ല, പ്രദേശവാസികളുടെ വളർത്തുമൃഗങ്ങൾക്കാവശ്യമായ  വെറ്ററിനറി പരിശോധനയ്ക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും മെഡൽ സമ്മാനിക്കുന്ന വേളയിൽ അനുസ്മരിക്കപ്പെട്ടു.

തെക്കൻ സുഡാനിലെ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോൻ ചടങ്ങിൽ പങ്കെടുത്തു. രാജ്യാന്തര തലത്തിൽ യുഎന്നിന്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ എല്ലായിപ്പോഴും തയാറാണെന്നും അദ്ദേഹം പറഞ്ഞു.