വൈറ്റ് ഹൗസിൽ ദീപം തെളിച്ച് പ്രസിഡന്റ് ട്രംപിന്റെ ദീപാവലി ആഘോഷം

വൈറ്റ് ഹൗസിൽ നിലവിളക്ക് കൊളുത്തി ദീപാവലി ആഘോഷങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉദ്ഘാടനം ചെയ്യുന്നു. (ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്)

വാഷിങ്ടൻ∙ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന് വൈറ്റ് ഹൗസും ട്രംപും. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഘോഷങ്ങൾക്കു നേതൃത്വം നൽകി.

ഇന്ത്യൻ – അമേരിക്കൻ സമൂഹവും ട്രംപ് ഭരണകൂടത്തിലെ പ്രധാനികളും പങ്കെടുത്തു. ദീപാവലി സന്ദേശം വായിച്ച ട്രംപ്, ഓഫിസിൽ നിലവിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശക്തമായ ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നത്. യുഎസിനു വലിയ സംഭാവനകൾ നൽകുന്ന ഇന്ത്യക്കാരുടെ ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ആഘോഷത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യങ്ങളിൽ പങ്കുവച്ചു.

അഭിമാനാർഹമായ സംഭാവനകളാണ് ഇന്ത്യൻ സമൂഹം യുഎസിനും ലോകത്തിനും നൽകുന്നത്. കല, ശാസ്ത്രം, ആരോഗ്യം ബിസിനസ്, വിദ്യാഭ്യാസം, സൈന്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കാരുടെ ഇടപെടൽ അഭിനന്ദനീയമാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹാലെ, സീമ വർമ, യുഎസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷൻ ചെയര്‍മാന്‍ അജിത് പൈ, പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ, ഉപദേഷ്ടാവും മകളുമായ ഇവാൻക ട്രംപ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ മകള്‍ ഇവാൻക വിർജിനിയ, ഫ്ലോറിഡ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരിക്കേ ട്രംപ് ന്യൂജഴ്സിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. മുൻ പ്രസിഡന്റ് ജോർജ് ബുഷ് ആണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം തുടങ്ങിവച്ചത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയും ദീപാവലി ആഘോഷിച്ചിരുന്നു.